Categories: Kerala

എസ്എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറി, എം.എന്‍. സോമന്‍ ചെയര്‍മാന്‍

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യമായി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായത്.

Published by

ചേര്‍ത്തല: എസ്എന്‍ട്രസ്റ്റ് സെക്രട്ടറിയായി ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയും സെക്രട്ടറിയാകുന്നത്. ചെയര്‍മാനായി ഡോ. എം.എന്‍ സോമന്‍, അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി ഡോ.ജി. ജയദേവന്‍ എന്നിവരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 

എസ്.ആര്‍.എം. അജി, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, കെ. പത്മകുമാര്‍, എ. സോമരാജന്‍, കെ.ആര്‍. ഗോപിനാഥ്, പി.എം. രവീന്ദ്രന്‍, സന്തോഷ് അരയക്കണ്ടി, മേലേകോട്ട് സുധാകരന്‍ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങളും ഉത്തരവും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യമായി എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായത്.  തുടര്‍ന്ന് മൂന്നു വര്‍ഷം കൂടുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരമില്ലാതെയാണ് സെക്രട്ടറിയായത്. 1997 ല്‍ നടന്ന എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയുമായി.  യോഗം വൈസ് പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവന്‍ ഏഴാം തവണയാണ് തുടര്‍ച്ചയായി ട്രഷററാവുന്നത്. നാല് ഔദ്യോഗിക ഭാരവാഹികളുടെയും ഒന്‍പത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 13 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.  അഡ്വ.ബി.ജി. ഹരീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക