പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പല രും മടിച്ചുനില്ക്കുന്നിടത്ത് അസാധ്യമെന്ന് തോന്നുന്നവ സാധ്യമാക്കി സേവന നിരതതരാവുന്നതാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ മികവ്.സേവാഭാരതിക്ക് ഉള്ളതും മറ്റു സംഘടനകളില്‍ വിരളവുമായ ഒരു സവിശേഷതയാണ് ഇത്.
ഭാരതത്തില്‍ 33 ലക്ഷത്തില്‍പരം സന്നദ്ധസംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന കണക്ക്. അതില്‍ പ്രവര്ത്തനക്ഷമതയുള്ളത് 30ശതമാനത്തിനു താഴെയാണ്. പല ലക്ഷ്യങ്ങളും താല്പര്യങ്ങളും വെച്ചുപുലര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതി അവംലംബിക്കുന്ന സന്നദ്ധസംഘടനയാണ് സേവാഭാരതി.
സാമൂഹിക പരിവര്‍ത്തനം ലക്ഷ്യം വയ്ക്കുന്ന ഈ സംഘടനയുടെ അടിസ്ഥാനം പഞ്ചായത്ത് തലത്തിലുള്ള യൂണിറ്റുകളാണ്. അതിനെ സംയോജിപ്പിച്ചുകൊണ്ട് ജില്ലാഘടകങ്ങളും ജില്ലാ ഘടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സംസ്ഥാന സംവിധാനവും, പിന്നെ സംസ്ഥാനങ്ങല്‍ ചേര്‍ന്നുള്ള ദേശീയ സമിതിയുമാണ് സേവാഭാരതിയുടെ സംഘടനാ സ്വരൂപം. കേരളത്തില്‍ ദേശീയ സേവാഭാരതിയും മൊത്തം സംസ്ഥാനങ്ങളും ചേര്‍ന്നു രാഷ്ട്രീയ സേവാഭാരതിയും എന്ന നിലയിലാണ് ഇത് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
സേവാഭാരതിയുടെ ആദ്യത്തെ യൂണിറ്റ് ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 1992ല്‍ തിരുവനന്തപുരത്താണ്. സേവന പ്രവര്‍ത്തനങ്ങള്‍ സമാജത്തിന്റെ സമസ്ത മേഖലകളിലും എത്തിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരിക്കുകയാണ് കേരളത്തില്‍ ദേശീയ സേവാഭാരതി. വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ സഹായവുമായി സേവാഭാരതിയുടെ സാന്നിദ്ധ്യവും സമയോചിതമായ ഇടപെടലുകളും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 2018, 2019, 2020 വര്‍ഷങ്ങളിലെ ദുരന്തങ്ങളില്‍ സേവാഭാരതിയുടെ ഇടപെടലുകള്‍ സമാനതകളില്ലാത്തതാണ്.
ആപത് സേവനം കൂടാതെ സേവാഭാരതിയുടെ സേവനം എത്തുന്ന മറ്റു മേഖലകളാണ് ആരോഗ്യം, വിദ്യാഭ്യാസം, സാമാജികം, സ്വാവലംബനം എന്നിവ. അതിനേക്കാള്‍ സ്ഥിരമായ സേവനത്തിനുള്ള പദ്ധതികള്‍ സേവാഭാരതി ആവിഷ്ക്കരിച്ചുനടപ്പിലാക്കിവരുന്നുണ്ട്.
ഭാരതത്തിലാകമാനം കൊറോണ എന്ന മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ രാഷ്ട്രീയ സേവാഭാരതിയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളേയും ബന്ധപ്പെടുത്തിക്കൊണ്ടും, ഏകോപിപ്പിക്കുന്ന തരത്തിലും, ചെയ്ത സേവനപ്രവര്‍ത്തനങ്ങളാണ് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ചര്‍ച്ചചെയ്യപ്പെടുന്നതും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നതും.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കപ്പെട്ടശേഷം നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സേവനപ്രവര്‍ത്തനങ്ങളാണ് പ്രധാനം. ലോക്ഡൗണ്‍ കാലത്ത് ഭാരതത്തില്‍ പട്ടിണിമരണം ഒന്നും സംഭവിക്കാത്തതിന് പിന്നില്‍ സേവാഭാരതിയുടെ നിസ്തുലസേവനവുമുണ്ട്.
കൊറോണ വ്യാപനം കണ്ട് രാജ്യം ഭയന്ന മൂന്നു കേന്ദ്രങ്ങളാണ് മുംബൈയിലെ ധാരാവി, പൂനെ, പിന്നെ ദല്‍ഹിയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയെ കൊറോണ വ്യാപനത്തില്‍ നിന്നും രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയതും സേവാഭാരതിയാണ്.
ജനകല്യാണ്‍ സമിതി, നിരാമയ ഫൗണ്ടേഷന്, വിശ്വശാന്തി ഫൗണ്ടേഷന് എന്നീ സംഘടനകളാണ് സേവാഭാരതിയോട് ഒപ്പം നിന്നത്. മൊത്തം സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സംഘങ്ങളാക്കി, ഒരു ഡോക്ടര്‍, അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഓരോ സംഘത്തിന് കീഴിലാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് സന്നദ്ധപ്രവര്‍ത്തകരാണ്. ഗൃഹസമ്പര്‍ക്കത്തിലൂടെ പരിശോധനയില്‍ പതിനായിരക്കണക്കിനു ആളുകളെ നിരീക്ഷണത്തിലാക്കി.
അടഞ്ഞുകിടന്ന നിരവധി സ്വകാര്യക്ലിനിക്കുകളെ പ്രവര്‍ത്തനക്ഷമമാക്കി, അവര്‍ക്ക് ആത്മവിശ്വാസവും സഹായങ്ങളും എത്തിച്ചു. പി.പി.ഇ കിറ്റുകള്‍, മരുന്നുകള്‍, ഭക്ഷണക്കിറ്റുകള്‍ എന്നിവ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചുകൊണ്ടേയിരുന്നു. നിരീക്ഷണത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സ്കൂളുകള്‍, കല്യാണ മണ്ഡപങ്ങള്‍, നാച്വറല്‍ പാര്‍ക്ക്, ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ എല്ലാം ഉപയോഗപ്പെടുത്തി. 47,000ല്‍പരം ഷീറ്റുകള്‍, 3224ല്‍പരം ക്യാമ്പുകള്‍, എന്നിവ ഒരുക്കി. പരിശോധിച്ചവരെ മുനിസിപ്പല്‍ കോര്പ്പറേഷന്, സര്‍ക്കാര്‍ വക ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 1,75,000 പേരെ വിദഗ്ധ പരിശോധനക്കു വിധേയമാക്കി. 78,000 ല്‍ പരം പി.പി.ഇ.കിറ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. ധാരാവിയിലെ മരണസംഖ്യ 82 ല്‍ പിടിച്ചുനിറുത്താന്‍ കഴിഞ്ഞത് ഇത്തരത്തിലുള്ള പ്രവര്‍ത്തന പദ്ധതി സേവാഭാരതി നടപ്പിലാക്കിയതുകൊണ്ടാണ്.
പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട 130 ചേരി പ്രദേശങ്ങളിലും ഇതേ രീതിയിലുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചത്. ദല്‍ഹിയിലും ഈ പദ്ധതി തന്നെയാണ് അവലംബിച്ചത്. ബി.എം.ഡി, പി.എം.ഡി, ഡി.എം.ഡി എന്നീ മുനിസിപ്പാലിറ്റി അധികൃതര്‍ സേവാഭാരതിക്കു നല്കിയ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ പ്രശംസനീയമാണ്.
അന്യദേശത്തൊഴിലാളികളുടെ പാലായനം ഉണ്ടായപ്പോള്‍ അവര്‍ക്കു സ്വദേശത്തേക്കു എത്തിച്ചേരുന്നതിനു ലോറികളും ട്രക്കുകളും ഏര്‍പ്പെടുത്തി. അതോടൊപ്പം ഭക്ഷണക്കിറ്റുകള്‍, വെള്ളം എന്നിവ ഓരോ സംസ്ഥാനങ്ങള്‍ കടന്നുപോകുമ്പോഴും നല്കിക്കൊണ്ടേയിരുന്നു.
കൊറോണക്കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗം പ്രതിരോധിക്കുന്നതിനും, ജീവിതം സാധാരണനിലയിലാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ സേവാഭാരതി ഏകോപിപ്പിച്ചത്. ലക്ഷക്കണക്കിനു സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും കോടിക്കണക്കിനു രൂപ ചെലവുവന്ന മാതൃകാപ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ദേശീയ തലത്തില്‍ അംഗീകാരം തേടിയെത്തിയത്. പ്രശസ്തമായ ഇന്‍ഡ്യ ടുഡേ എല്ലാവര്‍ഷവും ഒക്ടോബര്‍ 2 നു പ്രഖ്യാപിക്കുന്ന ഹെല്‍ത്ത് ഗിരി 2020ലെ ഭാരതത്തിലെ ഏറ്റവും നല്ല സന്നദ്ധപ്രവര്‍ത്തനം നടത്തിയതിനുള്ള അവാര്‍ഡാണ് രാഷ്ട്രീയ സേവാഭാരതിക്ക് സമര്‍പ്പിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് സമ്മാനിച്ച അവാര്‍ഡ് രാഷ്ട്രീയ സേവാഭാരതി അഖിലേന്ത്യ അദ്ധ്യക്ഷന്‍ പന്നലാല്‍ ബന്‍സാലാണ് ഏറ്റുവാങ്ങിയത്. ഈ അവസരത്തില്‍ ഭാരത പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍ രാഷ്ട്രീയ സേവാഭാരതിക്കു ലഭിച്ചപ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി മാറുകയായിരുന്നു.
ഡി. വിജയന്
ജനറല്‍ സെക്രട്ടറി
ദേശീയ സേവാഭാരതി കേരളം.
6238689192
പ്രതികരിക്കാൻ ഇവിടെ എഴുതുക: