പൗരത്വനിയമ ഭേദഗതിക്കെതിരെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളിലെ സുപ്രീംകോടതി വിധി ഇസ്ലാമിക മതമൗലികവാദികള്‍ക്കും ഇടതു ലിബറലുകള്‍ക്കും മുഖമടച്ചു കിട്ടിയ അടിയാണ്. സമരത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങള്‍ തടസ്സപ്പെടുത്താനോ അനിശ്ചിതമായി കയ്യേറാനോ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പരമോന്നത നീതിപീഠം, പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലത്തേ പ്രതിഷേധങ്ങള്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശവും നല്കിയിരിക്കുന്നു. സമരം മൂലം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാവരുതെന്നും, ഷഹീന്‍ബാഗ് പോലുള്ള പൊതുസ്ഥലങ്ങളില്‍ തടസ്സങ്ങളില്ലാതെ നോക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത്തരം അതിക്രമിച്ചുകയറലുകളുണ്ടായാല്‍ ഒഴിപ്പിക്കാന്‍ കോടതിയുടെ ഉത്തരവിന് കാത്തിരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവും മൂന്നംഗ ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കുന്നു.
സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന്മാര്ക്ക് ഭരണഘടനാപരമായിത്തന്നെ അവകാശമുണ്ട്. അത് മാനിക്കപ്പെടുകയും വേണം. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്ത് സാമ്രാജ്യത്വ ഭരണാധികാരികള്‍ക്കെതിരെ നടത്തിയതുപോലുള്ള സമരങ്ങളെന്നല്ല ഇതിനര്‍ത്ഥം. സമരം ചെയ്യാനുള്ള അവകാശം പൊതുവഴി ഉപയോഗിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവുമായി സന്തുലിതമാവണം. അര്‍ദ്ധശങ്കക്കിടയില്ലാത്തവിധമാണ് കോടതി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷഹീന്‍ബാഗ് സമരം അവസാനിച്ചുവെങ്കിലും അതുണ്ടാക്കിയ പ്രശ്നങ്ങള്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. പ്രശ്നം കോടതിയിലെത്തിയതോടെ വിധി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ ചിത്രം വ്യക്തമായിരിക്കുന്നു. പൊതുസ്ഥലങ്ങള്‍ കയ്യേറി സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിയമപരമായ അധികാരം ലഭിച്ചിരിക്കുകയാണ്. ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും.
പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന സമരം ഷഹീന്‍ബാഗില്‍ അതിന്റെ ഏറ്റവും ആപല്‍ക്കരമായ മുഖം കാണിക്കുകയായിരുന്നു. സമരത്തിന്റെ തുടക്കം സമാധാനപരമായിരുന്നെങ്കിലും പിന്നീട് ആസൂത്രിതമായ അക്രമങ്ങള്‍ അരങ്ങേറി. നിരവധി പേരുടെ മരണത്തിനും പൊതുമുതല്‍ നശിപ്പിക്കുന്നതിനുമിടയാക്കിയ വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തത്തോടെ നടന്ന സമരത്തിന് ദിവസങ്ങള്‍ പിന്നിടുന്തോറും മതയുദ്ധത്തിന്റെ പരിവേഷം കൈവന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് അധികൃതര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. രാജ്യതലസ്ഥാനത്തെ തബ്ലീഗ് സമ്മേളനം പോലെ ഷഹീന്‍ബാഗ് സമരവും വലിയതോതില്‍ രോഗം പടര്‍ത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സന്ദര്‍ശനവേളയില്‍ ഹിന്ദുക്കളെ സംഘടിതമായി ആക്രമിച്ച് ചോരപ്പുഴ ഒഴുക്കാനാണ് സമരക്കാര്‍ പദ്ധതിയിട്ടത്.
ഈജിപ്റ്റിലെ തഹ്രീര്‍ സ്ക്വയറില്‍ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തിയതുപോലുള്ള സമരമായിരുന്നു ഷഹീന്‍ബാഗിലേതും. രാജ്യത്തെ ശിഥിലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഇസ്ലാമിക ശക്തികളും ഇടതു-കോണ്‍ഗ്രസ്സ് ലിബറലുകളും കൈകോര്‍ത്ത് ഇന്ത്യാവിരുദ്ധ പരിപാടിയാക്കി സമരത്തെ മാറ്റി. ഇതിന് ചില വൈദേശിക ശക്തികളില്‍നിന്ന് വലിയ തോതില്‍ ഫണ്ടും ലഭിച്ചു. പൗരത്വനിയമഭേദഗതി രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അത് മുസ്ലിം വിരുദ്ധമാണെന്നു പറഞ്ഞ് മതധ്രുവീകരണത്തിന് ശ്രമിച്ചു. ജനാധിപത്യം നല്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനാണ് നോക്കിയത്. സുപ്രീംകോടതി വിധി ഈ ശിഥിലീകരണ ശക്തികളെ തുറന്നുകാട്ടുക മാത്രമല്ല, ഇക്കൂട്ടരെ അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: