പറവൂര്‍: കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പതിവാകുന്നു. വടക്കേക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മാല്യങ്കരയിലെ കണ്ടൈന്‍മെന്റ് സോണില്‍ വഴികള്‍ അടച്ചുകെട്ടിയ ബാരിക്കേഡുകള്‍ നീക്കി വലിയ വാഹനങ്ങള്‍ പകലും രാത്രിയും കൊണ്ടുപോകുന്നതായി പരാതി ഉയര്‍ന്നു. ബുധനാഴ്ച രാത്രി പത്തരയോടെ ഇതിലൂടെ എത്തിയ ടാങ്കര്‍ ലോറി തഹസില്‍ദാര്‍
എം.എച്ച്. ഹരീഷ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വാര്‍ഡില്‍ പെട്രോള്‍ പമ്പും മത്സ്യസംസ്കരണ യൂണിറ്റുകളുമുണ്ട്. പമ്പിലേക്കു വന്ന ലോറിയാണ് പിടികൂടിയത്.
ലോറിയില്‍ ഉണ്ടായിരുന്ന ഒരു ജീവനക്കാരന് കണ്ടൈന്‍മെന്റ് സോണിലുള്ളയാളായിരുന്നെന്നു തഹസില്‍ദാര്‍ പറഞ്ഞു. പ്രദേശത്തു നടന്ന ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തയാള്‍ക്കു കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവിടെ ഒട്ടേറെ ആളുകള്‍ ക്വാറന്റൈനിലുണ്ട്. കഴിഞ്ഞ ദിവസം ചിറ്റാറ്റുകര പഞ്ചായത്ത് നീണ്ടൂര്‍ 12-ാം വാര്‍ഡിലെ കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ആളുകള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പോലീസിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡന്റ് കളക്ടര്‍ക്കു നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: