കണ്ണൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ- ബോധവല്‍ക്കരണ നടപടികളുടെ ഭാഗമായി നടത്തുന്ന നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ക്ക് തുടക്കമായി. ക്യാംപയിന്‍ ലോഗോകള്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി പ്രകാശനം ചെയ്തു.
കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അത് നിയന്ത്രിച്ചു നിര്‍ത്തുന്നതിന് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ ശ്രമങ്ങളിലൂടെ വലിയ തോതിലുള്ള രോഗവ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ജില്ലയ്‌ക്ക് സാധിച്ചിട്ടുണ്ട്. വ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ ജീവിത രീതികളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പിന്തുടരാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നാം കാണിച്ച ജാഗ്രത തിരിച്ചുപിടിക്കുകയും അതു വഴി രോഗവ്യാപനം നിയന്ത്രിച്ചുനിര്‍ത്തുകയുമാണ് ക്യാംപയിനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ആളുകള്‍ ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാംപയിന്‍ സന്ദേശം ജില്ലയിലെ മുഴുവന്‍ വീടുകളിലുമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, തൊഴിലാളി സംഘടനകള്‍, വ്യാപാര സംഘടനകള്‍ തുടങ്ങിയവര്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
ക്യാംപയിന്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും പൊതു ഇടങ്ങളിലും സ്റ്റിക്കറുകളും പോസ്റ്ററുകളും പതിക്കും. എല്ലാ വീടുകളിലും ക്യാംപയിന്‍ സന്ദേശമെത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍, പട്ടണങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ക്യാംപയിന്റെ ഭാഗമായുള്ള ബോര്‍ഡുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക് നോ എന്‍ട്രി ക്യാംപയിന്‍. പൊതു ചടങ്ങുകള്‍ ഉള്‍പ്പെടെ ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
വാഹനങ്ങള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ പൊതു ഇടങ്ങളിലും ബോധവല്‍ക്കരണ പോസ്റ്റര്‍ പതിക്കും. യാത്രക്കാര്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധാരണം, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവ കൃത്യമായി പാലിക്കുകയും ബന്ധപ്പെട്ടവര്‍ അതിന് സംവിധാനമൊരുക്കുകയും വേണം.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍, പൊതു ചടങ്ങുകള്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി ഇവര്‍ നടപടി സ്വീകരിക്കും.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന ഡിഡിഎംഎ യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സബ് കലക്ടര്‍ അനു കുമാരി, ഡിഎംഒ ഡോ. കെ നാരായണ നായിക്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: