കൊച്ചി : ലൈഫ് മിഷന് പദ്ധതിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലൈഫ് മിഷന് പദ്ധതിക്കായി യുണിടാക്കിന് പണം ലഭിച്ചത് യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് റെഡ്ക്രസന്റില്‍ നിന്നല്ല. യുഎഇകോണ്സുല് ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
അതേസമയം ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപടലുകള്‍ ഉണ്ടായിട്ടുണ്ട്. ശിവശങ്കരന് തന്റെ ഓഫീസിലേക്ക് ലൈഫ് മിഷന് സിഇഒ യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മാണക്കരാറിലേക്ക് എത്തിയ കാര്യം യു.വി.ജോസ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുണിടാക്കിന് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് ശിവശങ്കര്‍ യുണിടാക്കിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.
അതേസമയം യൂണിടാക്കിന് ലൈഫ് മിഷന് കരാര്‍ ലഭിച്ചത് ടെണ്ടറിന്റെ പിന്‍ബലത്തിലല്ല. കമ്മീഷന് ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇത്. പദ്ധതിയുടെ 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും 10 സന്ദീപിനും കമ്മീഷനായി നല്‍കിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ജീവനക്കാര്‍ ആദ്യം കണ്ടത് സന്ദീപിനെയാണ്. കരാര്‍ ഒപ്പിടും മുന്‍പ് ആയിരുന്നു ഇത്. പിന്നീട് സരിത്, സന്ദീപ്, സ്വപ്ന എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇടപടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ സിബിഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: