തൃശൂര്‍: പുതുക്കാട് കണ്ണമ്പത്തൂരിലെ യുവകര്ഷകന് മാട്ടില്‍ മനോജ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അനാസ്ഥ കാട്ടിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. മനോജിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് കമ്പികള്‍ താഴ്ന്ന് കിടക്കുന്നുവെന്ന് പറഞ്ഞ് മനോജ് കെഎസ്ഇബി ഓഫീസില്‍ പരാതി കൊടുത്തിരുന്നു. ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
കമ്പികള്‍ വലിച്ചു കെട്ടാത്തതു മൂലം വര്‍ഷങ്ങളായി ഈ മേഖലയില്‍ നിരവധി യായ അപകടങ്ങള്‍ ഉണ്ടായി. കൊയ്തു വെച്ച നെല്ല് വരെ കത്തി പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നാട്ടുകാര്‍ ഇതിനെതിരെ പരാതി കൊടുത്തിട്ടും കെഎസ്ഇബി വേണ്ടരീതിയില്‍ ഗൗനിക്കാത്തതാണ് മനോജിന്റെ മരണത്തിനിടയാക്കിയത്. മൂന്നു മക്കളും ഭാര്യയുമുള്ള മനോജിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു. ബിജെപി പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ്് വി.വി രാജേഷ്, നേതാക്കളായ സന്ദീപ്, തിലകന്, ബിനോജ് എന്നിവര്‍ നാഗേഷിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: