കോഴിക്കോട്: രാജ്യത്തെ ഗ്രാമീണമേഖലയിലെ എല്ലാ വീടുകള്‍ക്കും 2024 മാര്‍ച്ച് മാസത്തിനുള്ളില്‍ ശുദ്ധജല കണക്ഷനുകള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജലജീവന്‍ മിഷന് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്. എലത്തൂര്‍, കുന്ദമംഗലം മണ്ഡങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. ജില്ലയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 42 ഗ്രാമപഞ്ചായത്തുകളിലായി 2020-21 വര്‍ഷത്തില്‍ 1,38,625 കണക്ഷനുകള്‍ നല്‍കും. നിലവിലുള്ള പദ്ധതികളില്‍ നിന്നും, പ്രവൃത്തി പൂര്‍ത്തീകരിച്ചു വരുന്ന പദ്ധതികളില്‍ നിന്നുമായി നല്കുന്നവയാണ് ഈ കണക്ഷനുകള്‍. ആകെ 318.78 കോടി രൂപ ചിലവില്‍ 1,01,659 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനായി ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്.
എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഗ്രാമീണ മേഖലയില്‍ ആറു പഞ്ചായത്തുകളിലായി 23,373 വീടുകളില്‍ ആകെ 7703.94 ലക്ഷം രൂപയോളം ചെലവില്‍ ശുദ്ധജലവിതരണ കണക്ഷന് നല്കുന്ന പ്രവൃത്തിയാണ് ജല ജീവന് മിഷന് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ളത്. ഈ പ്രവൃത്തികള്‍ 2021 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജിക്ക പദ്ധതിയുടെ പൂര്‍ത്തീകരണം വൈകിയതുമൂലം ജലവിതരണം സാധ്യമല്ലാതെപോയ പ്രദേശങ്ങളില്‍ കൂടി ഇതോടെ ജലവിതരണം എത്തുകയാണ്. ബാക്കി പ്രദേശങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കണക്ഷന് നല്‍കും.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ടെണ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എലത്തൂര്‍ നിയോജകമണ്ഡലം പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. കുന്ദമംഗലം നിയോജകമണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3.30ന് പി.ടി.എ. റഹീം എംഎല്‍എ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: