കൊച്ചി : എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കുന്നത് ഹൈക്കോടതി നടപടി തെറ്റെന്ന് സിബിഐ സുപ്രീംകോടതിയില്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഖ്യമന്ത്രി അടക്കമുള്ള മൂന്ന് പേരേയും പ്രതി ചേര്‍ത്ത് വീണ്ടും വിചാരണ നടത്തണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാം പ്രതിയായിരുന്ന പിണറായി വിജയന്‍, ഒന്നാം പ്രതി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവരെയാണ് വീണ്ടും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടിതിയില്‍ ഹാജരായത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തെളിവുകളുണ്ട്. അത് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാമെന്നും തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് മാറ്റിവെച്ചത്.
ലാവ്‌ലിന്‍ കേസ് അടിയന്തിര പ്രാധാന്യമുള്ളതാണെന്നും പരിഗണിക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ സിബിഐയുടെ നിലപാട് കോടതി അംഗീകരിച്ചിരുന്നു. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയില്‍ എത്തിയത്. അഡ്വക്കേറ്റ് ഹരീഷ് സാല്‍വെയാണ് പിണറായി വിജയന് വേണ്ടി ഹജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: