ഇടുക്കി: സംസ്ഥാനത്ത് തുലാവര്‍ഷം എത്താനിരിക്കെ ഇടുക്കി സംഭരണി നിറയാന്‍ വേണ്ടത് 13 അടി വെള്ളം. അനുവദനീയമായ പരമാവധി സംഭരണ ശേഷി 2403 അടിയാണെന്നിരിക്കെ ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2389.44 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 84.46 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.04 അടിയായിരുന്നു ജലനിരപ്പ്, 69.86%. ഇതിനെ അപേക്ഷിച്ച് 13.5 അടിയോളം വെള്ളം കൂടുതലാണ് ഇത്തവണ. 2397.78 അടിയാണ് കേന്ദ്ര ജലകമ്മീഷന് നിഷ്കര്‍ഷിച്ചിരിക്കുന്ന നിലവിലെ അപ്പര്‍ റൂള്‍ ലവല്‍.
ഇത്തവണത്തെ മണ്‍സൂണിന്റെ അവസാന രണ്ട് മാസങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ആദ്യ രണ്ട് മാസങ്ങളില്‍ മഴ കുറഞ്ഞപ്പോള്‍ ആഗസ്റ്റിലും സെപ്തംബറിലും മികച്ച മഴ ലഭിച്ചു. സെപ്തംബറിലെ മഴ ഒരു പതിറ്റാണ്ടിനിടയിലെ റെക്കോര്‍ഡ് കൂടിയാണ്. ഇതാണ് ജലനിരപ്പ് ഇത്രകണ്ട് ഉയരാന്‍ കാരണമായത്.
അതേ സമയം തുലാവര്‍ഷം ശക്തമായാല്‍ ചെറുതോണി ഡാം തുറക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തവണ തുലാവര്‍ഷം അതി ശക്തമാകാനുള്ള സാധ്യത കുറവാണെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ നല്കുന്ന സൂചന. ശരാശരി മഴയോ കുറവ് മഴയോ ആണ് പ്രതീക്ഷിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 2.52 സെ.മീ. മഴ ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുക്കുന്നതിനാല് ജില്ലയുടെ മലയോര മേഖലകളില്‍ വരും ദിവസങ്ങളിലും ഇടവിട്ടുള്ള മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ കൂടി വൈകിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ 15ന് ശേഷമെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങൂ. പിന്നാലെ 20ന് തുലാമഴ എത്തുമെന്നാണ് നിഗമനം.
ഉപഭോഗം കുറഞ്ഞ് നില്ക്കുന്നതിനാല് മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനത്തില്‍ കുറവുവുണ്ട്. ശരാശരി 3-4 മില്യണ്‍ യൂണിറ്റാണ് ഉത്പാദനം. അതേ സമയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലോട്ട് എത്തും തോറും വിസ്തൃതി കൂടി വരുന്നതിനാല്‍ ഉടന്‍ അണക്കെട്ട് നിറയാനുള്ള സാധ്യത കുറവാണ് (അവശേഷിക്കുന്ന 13.46 അടിയെന്നത് മെത്തം സംഭരണ ശേഷിയുടെ 15.5 % ആണ്). അതിശക്തമായ മഴ വൃഷ്ടിപ്രദേശത്ത് ലഭിച്ചെങ്കില്‍ മാത്രമേ ജലനിരപ്പ് ഉയരുകയുള്ളൂ. തുലാഴയില് ന്യൂനമര്‍ദവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഇടുക്കി ഇത്തവണയും തുറക്കാനുള്ള സാധ്യത ആണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: