പത്തനംതിട്ട:കോവിഡ്19ന്റെ മറപിടിച്ച് ശബരിമലതീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ ചടങ്ങാക്കിമാറ്റാന്‍ നീക്കം. ഇതിന്റെ ഭാഗമാണ് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് എന്ന് ആക്ഷേപം. ശബരിമലയില്‍ തലമുറകളായി ഭക്തര്‍ അനുശാസിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ആചാരങ്ങളെ തകിടം മറിക്കുന്ന നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമാണ് എന്നും ഭക്തര്‍ പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ദിവസങ്ങളോളം യാത്രചെയ്ത് എത്തുന്നഭക്തരടക്കം പമ്പയില്‍ ദേഹശുദ്ധി വരുത്തിയശേഷമാണ് ദര്‍ശനത്തിനായി മലചവിട്ടുന്നത്. എന്നാല്‍ പമ്പയില്‍ ഭക്തരെ കുളിക്കാനനുവദിക്കരുതെന്ന നിര്‍ദ്ദേശം ക്ഷേത്രദര്‍ശനത്തിന്റെ പവിത്രതയെ തന്നെ കളങ്കപ്പെടുത്തുന്നതാണ്. രാവിലെയും വൈകിട്ടും ദേഹശുദ്ധിവരുത്തി വ്രതാനുഷ്ഠനത്തോടെയാണ്ഭക്തര് ദര്‍ശനത്തിനെത്തുന്നത്. ശബരിമലയില്‍ ദേഹശുദ്ധി വരുത്താതെ ദര്‍ശനം നടത്താമെന്ന സ്ഥിതി മണ്ഡലക്കാലവ്രതാനുഷ്ഠനപദ്ധതിയെ തന്നേ ഇല്ലാതാക്കും. ഇതരക്ഷേത്രങ്ങളിലും ദേഹശുദ്ധിയില്ലാതെ കയറാമെന്ന വാദവും ഉയര്‍ത്താന്‍ പലര്‍ക്കും പ്രേരണയാകും എന്നും ആശങ്കയുണ്ട്.
പരമ്പരാഗതകാനനപാതയിലൂടെ ഭക്തരെ കടത്തിവിടരുതെന്ന നിര്‍ദ്ദേശവും ശബരിമലതീര്‍ത്ഥാടനത്തിന്റെ ആചാരങ്ങളെ വിലക്കുന്നതാണ്. എരുമേലിയല്‍ നിന്നും പരമ്പരാഗത കാനനപാതയിലൂടെ കാല്‍നടയായി പോകുന്നഭക്തര് അയ്യപചരിതവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനത്തിനെത്തുന്നത്. ഈ കാനനപാതയിലൂടെയാണ് മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഘോഷയാത്രയായി സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത്. വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തിരുവാഭരണഘോഷയാത്രയും തടസ്സപ്പെടും. പ്രസിദ്ധമായ അമ്പലപ്പുഴആലങ്ങാട് സംഘങ്ങള്‍ പേട്ടതുള്ളിശബരിമലയിലേക്ക് എത്തുന്നതും ഈപരമ്പരാഗത കാനനപാതയിലൂടെയാണ്.നിയന്ത്രണങ്ങള്‍ ഈചടങ്ങുകളേയും ബാധിക്കുമെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.
ശബരിമലക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്തകര്ക്കാന് പിണറായിസര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ ശ്രമം നടത്തുന്നതായി ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലക്ഷേത്രം 365ദിവസവും തുറക്കുന്നതിനെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിപിണറായി വിജയന് ആദ്യമായി പമ്പയിലെത്തിയപ്പോള് പറഞ്ഞത്. മാസപൂജാവേളയില്‍ പത്തുദിവസത്തോളം നടതുറന്നിടണമെന്ന വിദഗ്ദ്ധസമിതി നിര്‍ദ്ദേശം അതിന്റെ പിന്തുടര്ച്ചയാണ്എന്ന് ഭക്തര്‍ പറയുന്നു. ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിഞ്ഞ് യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായിസര്‍ക്കാര്‍ നടത്തിയ കണ്ണില്‍ച്ചോരയില്ലാത്ത ശ്രമങ്ങള്‍ ഭക്തസമൂഹം ഇന്നും കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. കോവിഡിന്റെ മറവില്‍ ഭക്തരുടെ ദര്‍ശനം പൂര്‍ണ്ണമായും സര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുക്കുന്നത് അനുഷ്ഠാനങ്ങളെ സംരക്ഷിക്കാനല്ല തകര്‍ക്കാനാണ് എന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: