അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പാതി വഴിയില്‍, നിരവധി കുടുംബങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് വാടക വീടുകളില്‍. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ് ആറോളം കുടുംബങ്ങള്‍ക്ക് മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മാണത്തിന് തുക അനുവദിച്ചത്. സ്ഥലം വാങ്ങാന്‍ ആറ് ലക്ഷവും വീടുനിര്‍മാണത്തിന് നാല് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. തോട്ടപ്പള്ളി മണ്ണും പുറം കോളനിയിലാണ് ഈ കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുനിര്‍മാണത്തിന് തുടക്കം കുറിച്ചത്.
എന്നാല്‍ സ്ഥലത്തിന് വിലക്കുറവായതിനാല്‍ അഞ്ച് ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂവെന്ന് ഇവര്‍ പറയുന്നു. ഫൗണ്ടേഷന് നിര്‍മാണത്തിനായി 1,60,000 രൂപ സര്‍ക്കാര്‍ നേരത്തെതന്നെ നല്‍കിയിരുന്നു. ഈ തുക ചെലവഴിച്ച് ഈ കുടുംബങ്ങള്‍ നിര്‍മാണം ആരംഭിച്ചെങ്കിലും എല്ലാ വീടുകളുടെയും നിര്‍മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാതി വഴിയിലായിരിക്കുകയാണ്. അടിത്തറ നിര്‍മാണത്തിനുശേഷം കുടുംബങ്ങള്‍ മുന്‍കൂറായി പണം ചെലവഴിച്ചു അടുത്തഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ചെലവായ തുക നല്‍കും. ഈ രീതിയില്‍ മൂന്നുഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് മുന്‍കൂറായി ചെലവഴിക്കാന്‍ പണമില്ലാതെ വന്നതോടെ വീടുനിര്‍മാണം നിലച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും കോവിഡും മൂലം ജോലിയില്ലാതെ വന്നതോടെ ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫൗണ്ടേഷനല്ലാതെ മറ്റൊരു നിര്‍മാണവും നടത്താന്‍ കഴിഞ്ഞിട്ടില്ല.
നിലവിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഈ കുടുംബങ്ങളെ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വീടുനിര്‍മാണത്തിനായുള്ള ശേഷിക്കുന്ന തുക സര്‍ക്കാര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: