കാക്കനാട്: തൃക്കാക്കര നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ ഇടതു-വലതു കക്ഷികള്‍ അങ്കലാപ്പില്‍. അഴിമതി ആരോപണം മൂലം സിപിഎം കളമശേരി ഏരിയാ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നതു പ്രാദേശികമായി പ്രവര്‍ത്തകരെ കുഴക്കിയിരുന്നു.
ഓരോ വാര്‍ഡിലും 15 ലക്ഷം രൂപ മുടക്കി സ്മാര്‍ട് അങ്കണവാടികള്‍ നിര്‍മിച്ചപ്പോള്‍ നഗരസഭ വൈസ് ചെയര്‍മാന്റെ വാര്‍ഡില്‍ ഒരു കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ച സ്മാര്‍ട് അങ്കണവാടിയെ കുറിച്ചു വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പട്ടികജാതി തൊഴില്‍ പരിശീലന കേന്ദ്രം വ്യവസായ പാര്‍ക്കിനായി ലേലം ചെയ്തു കൊടുത്തതിനെതിരെയുള്ള ഹൈക്കോടതി സ്റ്റേക്കും സിപിഎമ്മിനു മറുപടിയില്ല. യുഡിഎഫിലെ 21 അംഗ കൗണ്‍സിലില്‍ നിന്നും വൈസ് ചെയര്മാന് രാജി വച്ചതോടെ ഭരണം നഷ്ടപ്പെടുകയും എല്‍ഡിഎഫിനു ഭരണം ലഭിക്കുകയും ചെയ്തു.
യുഡിഎഫില്‍ നിന്നെത്തിയ ഷീല ചാരുവിനു ചെയര്‍പേഴ്സണ്‍ പദവി നല്കി സിപിഎം വിമതനായി ജയിച്ച എം.എം. നാസറിനു സ്ഥിരം സമിതി അധ്യക്ഷ പദവി നല്കി എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. നാസറിനെ പാര്‍ട്ടി സംരക്ഷിച്ചുവെങ്കിലും ഷീല ചാരുവിനെ തഴഞ്ഞതു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനു കടുത്ത അമര്‍ഷമുണ്ട്.
നഗരസഭ വിഭാവനം ചെയ്തതായ സ്പോര്‍ട്സ് അക്കാദമി, പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി, ഭവന രഹിതര്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയതം, ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങി സാധാരണക്കാര്‍ക്കു ഗുണം ലഭിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കിയില്ല. പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ടു ഇടനിലക്കാര്‍ വഴി ലക്ഷങ്ങള്‍ അടിച്ചു മാറ്റിയതു സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് മറ്റൊരു തലവേദനയായി തുടരുന്നു.
തൃക്കാക്കരയിലെ യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പു വടം വലി ശക്തി പ്രാപിച്ചു. ചെയര്മാന് പദവിക്കായി പരസ്യമായി നടന്ന ഗ്രൂപ്പു വടംവലികള്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നതു ജനം മറന്നിട്ടില്ല. എ ഗ്രൂപ്പിലെ മുന്‍ ചെയര്‍മാനും ബ്ലോക്ക് പ്രസിഡന്റും തമ്മില്‍ ഇപ്പോള്‍ തന്നെ ചെയര്മാന് പദവിക്കായി പാരവെപ്പു ആരംഭിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിലെ പ്രമുഖനും മുന്‍ ചെയര്‍മാനുമായ വ്യക്തിയും അധ്യക്ഷ പദവിക്കായി സടകുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്ണയത്തിലുണ്ടായേക്കാവുന്ന ജാതി, ഗ്രൂപ്പ് സമവാക്യം മറ്റൊരു കീറാമുട്ടിയാണ്.
എല്‍ഡിഎഫ്, യുഡിഎഫ് ചെയ്തികള്‍ക്കെതിരെ ബിജെപിയും പോഷക സംഘടനകളും ഘടകക്ഷികളും നടത്തിയ ഐതിഹാസിക സമരങ്ങള്‍ ഇരുമുന്നണികളിലും അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ്. ശക്തമായി പ്രവര്‍ത്തിച്ചാല്‍ പതിനഞ്ചോളം വാര്‍ഡുകളിലെങ്കിലും ബിജെപി വിജയ നിര്‍ണയ കക്ഷിയാകുകയും അതില്‍ എട്ടോളം വാര്‍ഡുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കരിമക്കാട്, തോപ്പില്‍, പടമുകള്‍, കണ്ണങ്കേരി, കാക്കനാട്, പാലച്ചുവട്, സുരഭി നഗര്‍, നിലംപതിഞ്ഞിമുകള്‍, ടിവി സെന്റര്‍ തുടങ്ങിയ വാര്‍ഡുകള്‍ എടുത്തു പറയേണ്ടവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: