ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ തുലാമഴ എത്താന്‍ വൈകുമെന്ന് നിഗമനം. രണ്ട് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഴ തുടരും. വടക്കന്‍ ജില്ലകളിലും വിവിധ ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലകളിലുമാണ് ഇന്നും നാളെയും മഴ സാധ്യത കൂടുതലുള്ളത്.
സാധാരണ 15-ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുകയും പിന്നാലെ തുലാമഴ എത്തുകയുമാണ് പതിവ്. എന്നാല്‍ പുതിയ ന്യൂനമര്‍ദ സാധ്യത ഉള്ളതിനാല്‍ തുലാമഴ എത്താന്‍ 20-ാം തീയതി കഴിയുമെന്നാണ് പുതിയ നിഗമനം. ന്യൂനമര്‍ദത്തിന്റെ സാന്നിദ്ധ്യത്തില്‍ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ വൈകുന്നതാണ് കാരണം. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കാലവര്‍ഷം വിടവാങ്ങുന്നത് വൈകിയിരുന്നു.
9ന് വടക്കന്‍ ആന്തമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. പിന്നീട് ശക്തി പ്രാപിച്ച് 11ന് ഉച്ചകഴിഞ്ഞ് ആന്ധ്പ്രദേശ്-ഒഡീഷ തീരങ്ങളിലേക്ക് ന്യൂനമര്‍ദം എത്തും. അതേ സമയം ശരാശരി മഴയോ കുറവ് മഴയോ ആണ് ഇത്തവണ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന തുലാമഴയില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഐഎംഡി പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: