Categories: Article

സാമൂഹിക ശാക്തീകരണത്തിന് നിര്‍മ്മിത ബുദ്ധിയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം

2018 ല്‍ ദേശീയ നിര്‍മ്മിത ബുദ്ധി നയം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, രാജ്യത്ത് ശക്തമായ നിര്‍മ്മിത ബുദ്ധി അനുകൂല ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സംരംഭങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയം ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഡാറ്റാ അപഗ്രഥന സംബന്ധമായ വിദഗ്ദ്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഡാറ്റ അനലിറ്റിക്‌സ് (സിഡ) സ്ഥാപിച്ചു.ഐ.ടി. വ്യവസായവുമായി സഹകരിച്ച് ബെംഗളൂരു, ഗാന്ധിനഗര്‍, ഗുരുഗ്രാം, വിശാഖ പട്ടണം എന്നിവിടങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

Published by

സമഗ്ര വികസനം,സദ്ഭരണം,സാധാരണ പൗരന്മാരുടെ ശാക്തീകരണം എന്നീ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ചെലുത്തുന്ന സ്വാധീനം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നതിനോടൊപ്പം, ആഗോളതലത്തില്‍  ഒരു പുതിയ അളവ് കോല്‍ സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സമ്പന്ന വിഭാഗങ്ങളുടെ  ആഡംബരമായിരുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ അനുഭവവേദ്യമാകുന്നു. അതിവേഗം മാറുന്ന സാങ്കേതികവിദ്യയ്‌ക്ക് അനുസൃതമായി സംവിധാനങ്ങളുടെ നിരന്തരമായ പരിണാമം, വേഗതയേറിയതും പര്യാപ്തവുമായ കാര്യനിര്‍വ്വഹണ സംവിധാനങ്ങള്‍, ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവ അത്യാവശ്യമാണ്.നിര്‍മ്മിത ബുദ്ധിയുടെ വരവ് കേവലം സാങ്കേതിക പുരോഗതി മാത്രമല്ല, മറിച്ച് സാങ്കേതിക ഭൂപടത്തിന്റെ അടിസ്ഥാന സമീപനത്തിലുണ്ടായ  ഒരു സുപ്രധാന മാറ്റത്തെ കുറിക്കുന്നു. അതിനെ സമഗ്രതയോടെ സമീപിക്കുകയും  മാനവരാശിയുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയും വേണം.

നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഏതൊരു സംവിധാനത്തിന്റെയും അടിസ്ഥാന നിര്‍മ്മാണ ശിലയാണ് ഡാറ്റ . 70 കോടിയിലധികം ഇന്റര്‍നെറ്റ് വരിക്കാരും 121 കോടി ഫോണ്‍ ഉപയോക്താക്കളും 126 കോടി ആധാര്‍ ഉപയോക്താക്കളുമുള്ള ഇന്ത്യ ഓരോ ദിവസവും വന്‍തോതില്‍ ഡാറ്റ സൃഷ്ടിക്കുന്നു. ലോകത്തെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെ ഉപയോക്താക്കളുടെ വലിയൊരു പങ്കും ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സേവനങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ആഗോളതലത്തില്‍ ഇതിനോടകം  തന്നെ കഴിവ് തെളിയിച്ച ഇന്ത്യന്‍ വിവരസാങ്കേതിക മേഖല, കഴിവുറ്റ മാനവ വിഭവശേഷിയുടെ ലഭ്യത ഉറപ്പാക്കുന്നു. പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി, സാങ്കേതികവിദ്യയുടെ ഉപയോഗം സദാ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ ഇന്ത്യയില്‍ ഒരു നിര്‍മ്മിത ബുദ്ധിവിപ്ലവത്തിന് കളമൊരുങ്ങുകയാണ്.

2018 ല്‍ ദേശീയ നിര്‍മ്മിത ബുദ്ധി നയം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, രാജ്യത്ത് ശക്തമായ  നിര്‍മ്മിത ബുദ്ധി അനുകൂല ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സംരംഭങ്ങള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്  വിവര സാങ്കേതിക മന്ത്രാലയം ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഡാറ്റാ അപഗ്രഥന സംബന്ധമായ വിദഗ്‌ദ്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഡാറ്റ അനലിറ്റിക്‌സ് (സിഡ) സ്ഥാപിച്ചു.ഐ.ടി. വ്യവസായവുമായി സഹകരിച്ച് ബെംഗളൂരു, ഗാന്ധിനഗര്‍, ഗുരുഗ്രാം, വിശാഖ പട്ടണം  എന്നിവിടങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.  

ഇവിടെ ഇതുവരെ 113 പുതുസംരംഭങ്ങള്‍ക്ക്  (സ്റ്റാര്‍ട്ടപ്പ്‌സ്)  പ്രാരംഭം കുറിക്കുകയും 29 ബൗദ്ധിക സ്വത്തവകാശങ്ങള്‍ നേടുകയും 56 മേഖലാ അധിഷ്ഠിത പരിഹാര സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. നാല് ലക്ഷം പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും  പുതിയ തൊഴില്‍ മേഖലകളിലും പ്രാവീണ്യമുള്ള  വിദഗ്‌ദ്ധരുടെ നൈപുണ്യത്തിനും തുടര്‍ പരിശീലനത്തിനുമായി  ഫ്യൂച്ചര്‍ സ്‌കില്‍സ് െ്രെപം ഓണ്‍ലൈന്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു.നിര്‍മ്മിത ബുദ്ധി മേഖലയിലെ സഹകരണത്തിനും വൈജ്ഞാനിക പങ്കിടലിനുമുള്ള ഒരു ഏകജാലക  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ദേശീയ നിര്‍മ്മിത ബുദ്ധി പോര്‍ട്ടല്‍ ആരംഭിച്ചു.നിര്‍മ്മിത ബുദ്ധി മേഖലയുടെ  വികസനത്തിനായി രൂപം നല്കിയ ദേശീയ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ അനുമതിയോടെ ഇലക്ട്രോണിക്‌സ്  വിവര സാങ്കേതിക മന്ത്രാലയം ഉടന്‍ ആരംഭിക്കും.

പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ആധാര്‍, യു.പി.ഐ., ജി.എസ്.റ്റി.എന്‍., ജെം എന്നിവയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, ഭാഷാ വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിരവധി പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ആവിഷ്‌ക്കരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.2020 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം പ്രഖ്യാപിച്ചതോടെ ആരോഗ്യമേഖലയിലെ പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ , പുതു സംരംഭങ്ങള്‍  എന്നിവയുമായി സഹകരിച്ച് ഇലക്ട്രോണിക്  വിവര സാങ്കേതിക  മന്ത്രാലയം നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്വാഭാവിക ഭാഷാ വിവര്‍ത്തന ദൗത്യം വികസിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ ഭാഷകളില്‍ ശബ്ദ പ്രാപ്ത  ഇന്റര്‍നെറ്റിന് വഴിയൊരുക്കും. സമാനമായി, വ്യവസായങ്ങള്‍, അക്കാദമിക ലോകം, പുതു സംരംഭങ്ങള്‍ എന്നിവയുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ  വിവിധ മന്ത്രാലയങ്ങള്‍ മേഖലാ അധിഷ്ഠിത  പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് അന്തിമരൂപം നല്‍കി വരുന്നു. ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയെയും സ്വകാര്യത സംബന്ധിച്ച  ആശങ്കകളെയും അഭിസംബോധന ചെയ്തു കൊണ്ട് ഈ പ്ലാറ്റ്‌ഫോമുകള്‍ അതാത് മേഖലകളില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കും. ഈ പ്ലാറ്റ്‌ഫോമുകള്‍ സ്വദേശി പുതു സംരംഭങ്ങള്‍ക്കും  (സ്റ്റാര്‍ട്ടപ്പുകള്‍) ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യും.

സാങ്കേതികവിദ്യാ മേഖലയിലെ വികസനം മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനൊപ്പം  ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. വന്‍  തോതിലുള്ള കമ്പ്യൂട്ടര്‍വത്ക്കരണം  ആരംഭിച്ചപ്പോള്‍ തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒടുവില്‍, കമ്പ്യൂട്ടറുകളും വിവരസാങ്കേതികവിദ്യയും ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായി മാറി. അതുപോലെ തന്നെ, നിര്‍മ്മിത ബുദ്ധി നിലവിലുള്ള ചില തൊഴില്‍ മേഖലകളെ  പുനഃക്രമീകരിക്കുമെങ്കിലും  നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.സമൂഹത്തില്‍  അസമത്വം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ലോകം ഈ പരിവര്‍ത്തനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഫ്യൂച്ചര്‍ സ്‌കില്‍സ് െ്രെപം പോലുള്ള സംരംഭങ്ങളിലൂടെ, ഐ.ടി. രംഗത്ത് ഭാവിയിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍ക്കനുസൃതമായി  ഇന്ത്യ തങ്ങളുടെ തൊഴില്‍ ശക്തിയെ നവീകരിക്കാനും പുനര്‍ നൈപുണ്യവത്ക്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സാമൂഹിക ശാക്തീകരണത്തിനായി  ഉത്തരവാദിത്തത്തോടെയുള്ള നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം എന്ന സമീപനത്തിലൂടെ, ഇന്ത്യ , നിര്‍മ്മിത ബുദ്ധി സംവിധാനങ്ങളെ സാധാരണ പൗരന്മാരുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും  പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം   ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും ശ്രമിക്കുന്നു.

നിര്‍മ്മിത ബുദ്ധി കൂടുതല്‍ സാമൂഹിക ശാക്തീകരണത്തിലേക്ക് നയിക്കണം, പ്രത്യേകിച്ച് സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ ശാക്തീകരിക്കണം. സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ വേണം ഇത് വികസിപ്പിക്കാന്‍. ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, ഭാഷകള്‍ തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കുകയെന്ന ഇന്ത്യയുടെ കാഴ്‌ച്ചപ്പാട് സാമൂഹിക ശാക്തീകരണത്തിനായി നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.

നിര്‍മ്മിത ബുദ്ധി വികസിപ്പിക്കുന്നതില്‍ വിവര ശേഖരങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോവുകയാണ്. ഈ പശ്ചാത്തലത്തില്‍, ഡാറ്റ ദുരുപയോഗം ചെയ്യുന്നതും ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ വേണ്ടത്ര ശ്രദ്ധയോടെ പരിഗണിക്കണം. ഡിജിറ്റല്‍ യുഗത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനും അതേ സമയം ശക്തമായ ഡാറ്റാ സമ്പദ്‌വ്യവസ്ഥയുടെ വികസനം സുഗമമാക്കുന്നതിനും സാധ്യമാക്കുന്ന ശക്തമായ വ്യക്തിഗത ഡാറ്റാ പരിരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ ഇടങ്ങളില്‍ കുത്തക സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തിനും എതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുമെന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. മൊബൈല്‍ ഉപയോക്താക്കളായ ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റാ സ്വകാര്യതയും ഡാറ്റാ പരമാധികാരവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ അടുത്തിടെ സ്വീകരിച്ച നടപടികള്‍ വ്യക്തമായി സൂചിപ്പിക്കുന്നു.

നിര്‍മ്മിത ബുദ്ധി ധാര്‍മ്മികവും നിയമപരവുമായ നിരവധി ആശങ്കകള്‍ സൃഷ്ടിക്കുന്നു. നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ നിര്‍വ്വചിക്കുന്ന അല്‍ഗോരിതം പക്ഷപാതപരമല്ലാത്തതും മുന്‍വിധികള്‍ ഇല്ലാത്തതുമായിരിക്കണം. ഉദാഹരണത്തിന്, മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ വംശീയ പക്ഷപാതിത്വത്തിന് കാരണമാകരുത്. അല്ലെങ്കില്‍ വാര്‍ത്തകളും സാമൂഹ്യ മാദ്ധ്യമ സംവിധാനങ്ങളും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തോട് പക്ഷപാതപരമായിരിക്കരുത്. പരമ്പരാഗത നിയമങ്ങളെ അന്തര്‍ദേശീയ സാങ്കേതികവിദ്യകള്‍ വെല്ലുവിളിച്ചേക്കാം. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ മറ്റൊരു ഭാഗത്തുള്ള സമൂഹത്തിന്റെ സമാധാനം തകര്‍ക്കാനും ശ്രമിക്കിച്ചേക്കാം. അടുത്തിടെ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിലും ദില്ലി കലാപങ്ങളിലും ഇത് കണ്ടതാണ്. ഈ ആശങ്കകളും ലോകം കൂട്ടായി പരിഹരിക്കേണ്ടതുണ്ട്.

ആഗോള തലത്തില്‍ നിര്‍മ്മിത ബുദ്ധി വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തബോധമുള്ള ബഹുമുഖ നിര്‍മ്മിത ബുദ്ധി കൂട്ടായ്മയുടെ സ്ഥാപക അംഗരാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. നിര്‍മ്മിത ബുദ്ധി ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിന് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മിത ബുദ്ധി ഉച്ചകോടി റെയ്‌സ്2020 (ഞഅകടഋ 2020) നിര്‍മ്മിത ബുദ്ധി ആവാസവ്യവസ്ഥയുടെ വികസനത്തിനായി ആഗോള സഹകരണം സ്വാഗതം ചെയ്യുന്നു. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യയുടെ വികസനത്തിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മാനവരാശിയോട് ഉത്തരവാദിത്തമുള്ളതും സാമൂഹിക ശാക്തീകരണമെന്ന ലക്ഷ്യത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നതുമാണ്.

ശ്രീ രവിശങ്കര്‍ പ്രസാദ്  

(കേന്ദ്ര ഇലക്ട്രോണിക്‌സ്‌വിവരസാങ്കേതിക ആശയവിനിമയനിയമ മന്ത്രിയാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക