കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം വിവാദത്തില്‍. ഒമാനിലെ ഒരു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഡോ. മുബാറക് പാഷ(59)യെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഡോ. മുബാറക് പാഷ ഒമാനിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഹെഡ് ഓഫ് ഗവേണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സപ്ലൈക്കോ ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയുടെ സഹോദരനാണ്. ഇദ്ദേഹത്തെക്കാളും സീനിയോറിറ്റിയും യോഗ്യതയുമുള്ള നിരവധിപേരെ തഴഞ്ഞാണ് മുബാറക് പാഷയെ വിസിയാക്കാന്‍ ധാരണയായതെന്ന ആക്ഷേപം ശക്തം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രൊ വൈസ്ചാന്‍സലറായി കേരള സര്‍വകലാശാല ഫാക്കല്‍റ്റി ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.എസ്.വി. സുധീറിനെ നിയമിക്കാനാണ് ധാരണ. അതേസമയം രജിസ്ട്രാറായി ഡോ.പി.എന്‍. ദിലീപ് ചുമതലയേറ്റു. ടികെഎം എന്‍ജിനീയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനത്തില്‍ പ്രതിഷേധിച്ച് വിവിധസംഘടനകള്‍ രംഗത്തെത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണഗുരു ഓര്‍ഗനൈസേഷന്‍സ് (കോണ്സ്നോര്) ജനറല്‍ കണ്‍വീനര്‍ എസ്. സുവര്‍ണകുമാര്‍ തീരുമാനത്തെ ശക്തമായി അപലപിച്ചു. ശ്രീനാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത ഒരു പ്രവാസിയെ വിസിയായി നിയമിക്കുന്നതിലൂടെ സര്‍ക്കാര്‍ മുഴുവന്‍ ശ്രീനാരായണീയരുടെയും എതിര്‍പ്പ് പിടിച്ചുപറ്റുകയാണ്. ശ്രീനാരായണീയദര്‍ശനം പഠിച്ച ആരെ വേണമെങ്കിലും വിസിയാക്കാം. മുബാറക് പാഷയെ അറബി സര്‍വകലാശാല സ്ഥാപിച്ച് അവിടെ വിസിയായി നിയമിക്കുന്നതാണ് ഇതിനെക്കാള്‍ ഭേദം. ഗുരുദേവന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചതിലുള്ള ആഹ്ലാദവും സന്തോഷവും സംതൃപ്തിയും കെടുത്തുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സുവര്‍ണകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: