ന്യൂദല്‍ഹി: ഹാഥ് രസ് സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഹാഥ് രസില്‍ കലാപത്തിന് സംഘടിത ശ്രമം നടക്കുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ യുപി സര്‍ക്കാര്‍, വന്‍ പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണ് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചതെന്നും കോടതിയെ അറിയിച്ചു. ഇതിന് യുവതിയുടെ മാതാപിതാക്കളുടെ അനുമതി ലഭിച്ചിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഹാഥ് രസ് സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ചീഫ്ജസ്റ്റിസ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത് ഹര്‍ജിക്കാര്‍ക്ക് തിരിച്ചടിയായി. വിശദമായ സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണം യുവതിയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
യുപി സര്‍ക്കാരിനെ ലക്ഷ്യമിട്ട് വന്‍ നീക്കമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേക ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങളാണ് നടന്നത്. യുവതി പീഡനത്തിന് ഇരയായി എന്നു വ്യക്തമാക്കുന്ന കണ്ടെത്തലുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ദല്‍ഹിയിലും യുപിയിലും കലാപത്തിന് സംഘടിത നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് ഹര്‍ജിക്കാര്‍ സ്വീകരിച്ചത്. കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണം എന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: