ബെംഗളൂരു: കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തപ്പോള്‍ നല്കിയ വിവരങ്ങള്‍ക്കപ്പുറം വിശദീകരണം നല്കാന് കഴിയാതെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് ഇന്നലെ ബെംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ കുഴങ്ങി.
ബെംഗളൂരു മയക്കുമരുന്നു കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ ലഹരി മരുന്നു വ്യാപാരത്തില്‍ ബിനീഷിന് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന ചില മരുന്നു നിര്‍മാണ കമ്പനികളില്‍ ബിനീഷിന് ബിനാമി ഇടപാടോ ബിസിനസ് പങ്കാളിത്തമോ ഉണ്ട്. അനൂപിന്റെ പണം ബിനീഷിന്റേതാണോ എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഈ കാര്യങ്ങള്‍ ദൂരീകരിക്കാനായിരുന്ന ഇന്നലത്തെ ചോദ്യം ചെയ്യല്‍.
ലഹരിമരുന്നു കടത്തുകേസിലെ പ്രതിയുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടികള്‍ യുക്തിഭദ്രമായില്ല. അനൂപിന് ലഹരി മരുന്നിടപാട് ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് ബിനീഷ് ആവര്‍ത്തിച്ചത്. എന്നാല്‍ ചില കൃത്യമായ ചോദ്യങ്ങളില്‍ ബിനീഷ് അമ്പരന്നു. സുഹൃത്തെന്ന നിലയില്‍ വന്‍ തുക കടം നല്കിയപ്പോള് അനൂപിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്ന മറുപടിയില്‍ ഇഡി തൃപ്തരല്ല. ബെംഗളൂരില്‍ തുടങ്ങി ഇടയ്ക്ക് നിര്‍ത്തിയ ബി. ക്യാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബി ക്യാപ്പിറ്റല്‍ ഫോറക്സ് ട്രേഡിങ് കമ്പനി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ബിനീഷിന് മറുപടി നല്‍കാനായില്ല.
ബെംഗളൂരു ശാന്തിനഗറിലെ ഇഡി ആസ്ഥാനത്ത് ബിനീഷിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45 നാണ് ബിനീഷ് എത്തിയത്. സഹോദരന് ബിനോയ് കോടിയേരി ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: