പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 12ന് പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ അഭിയാന്റെ ഏറ്റവും കാതലായ കാര്യം 20 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ധനകാര്യ പാക്കേജ് തന്നെ ആയിരുന്നു. നാല് മാസം പിന്നിടുമ്പോള്‍ ശ്രദ്ധേയമായ നേട്ടം കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കും, നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമീണ മേഖലയിലെ ഉണര്‍വും ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച അതിനു മുമ്പിലത്തെ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു, മറ്റെല്ലാ മേഖലകളിലും കുറഞ്ഞ വളര്‍ച്ച നിരക്ക് ആയിരുന്നെങ്കില്‍ പോലും.
അതിന്റെ ചുവടു പിടിച്ച് ഈ വര്‍ഷം മാര്‍ച്ച് ജൂണ്‍ കാലയളവിലും കാര്‍ഷിക മേഖല ഏതാണ്ട് 4 ശതമാനം വളര്‍ച്ച കൈ വരിച്ചു. ട്രാക്ടര്‍, വളം, സെക്കന്റ്-ഹാന്‍ഡ് ലൈറ്റ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് (ടെമ്പോ വാന്‍ പോലെയുള്ളവ) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടിയാണ് നില്‍ക്കുന്നത്. ഇന്ത്യയിലെ ട്രാക്ടര്‍ വിപണിയുടെ 55 ശതമാനം കൈയാളുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന കമ്പനിയിലെ ഒരുദ്യോഗസ്ഥന് എന്നോട് പറഞ്ഞത് അവര്‍ക്കു ഉണ്ടാക്കാവുന്നതിലധികം ട്രാക്ടറുകള്‍ക്കു ഗ്രാമീണ വിപണിയില്‍ ഡിമാന്‍ഡ് ഉണ്ടെന്നാണ്.
ആദ്യ പാദത്തില്‍ സംഭവിച്ച, സമ്പദ് ഘടനയുടെ 23 ശതമാനത്തോളം വന്ന വളര്‍ച്ച ഇടിവ്, ഈ കണക്കുകളുമായിക്കൂടി ബന്ധിപ്പിച്ചു വേണം നാം മനസ്സിലാക്കാന്‍.നമ്മുടെ സമ്പദ് വ്യവസ്ഥ മാന്ദ്യവുമായി മല്ലിടുമ്പോള്‍ തന്നെ വളര്‍ച്ചയുടെ പച്ച നാമ്പുകള്‍ കാണാനാവുന്നു, പ്രത്യേകിച്ചും ഗ്രാമീണ കാര്‍ഷിക മേഖലകളില്‍. ഇതിനു പ്രധാനമായും ആറ് കാരണങ്ങള്‍ ആണ് ഉള്ളത്
1. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കു പ്രകാരം ഏകദേശം ഒരു കോടിയോളം തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്നും അവരുടെ ഗ്രാമങ്ങളിലെങ്ങു നീങ്ങി. ആ യാത്രയില്‍ അവര്‍ക്കു ഒട്ടനവധി കഷ്ടതകള്‍ സഹിക്കേണ്ടി വന്നു എന്നുള്ളത് തര്‍ക്കമറ്റ കാര്യം. പക്ഷെ, ഗ്രാമങ്ങളില്‍ ഇവരില്‍ ഭൂരിഭാഗവും കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ടു എന്നതിന്റെ ഒരു തെളിവാണ് ഈ ഖാരിഫ് സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 10 ശതമാനമെങ്കിലും കാര്‍ഷിക ഏരിയ കൂടിയെന്നത്.
2. കാലവര്‍ഷം ഭാരതത്തിന്റെ ദീര്‍ഘ കാല ശരാശരിയുടെ 108 ശതമാനം ആയി ഉയര്‍ന്നു അല്ലെങ്കില്‍ മഴ ഇത്തവണ തുണച്ചു എന്നുള്ളതും ഗുണം ചെയ്തു.
3. മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരിപ്പു ഏകദേശം 61000 കോടിയില്‍ നിന്നും 100000 കോടി രൂപയിലേക്കു കൂട്ടി എന്ന് മാത്രമല്ല അതിന്റെ ചെലവിന്റെ തോത് ഈ വര്‍ഷം വര്‍ധിക്കുകയും ചെയ്തു. ക്രിസിലിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍ ജൂലൈ കാലയളവില്‍ തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പാക്കിയ ജോലികള്‍ 46 % വര്‍ധിക്കുകയും ദൈനംദിന വേതനത്തിന്റെ തോത് 12 % ഉയരുകയും ചെയ്തു. കേരളത്തിലും ഈ ഉയര്‍ന്ന തോത് പ്രതിഫലിച്ചിട്ടുണ്ട് എന്നാണു ഇതുമായി ബന്ധപ്പെട്ടവരുമായി അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കുവാന്‍ സാധിച്ചത്.
4. 2014 മുതല്‍ പ്രധാന മന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചു നടത്തി വരുന്ന ബാങ്ക് അക്കൗണ്ട് പദ്ധതി പ്രകാരം (പി എം ജെ ഡി വൈ ) 41 കോടി സാധാരണക്കാരും പാവപ്പെട്ടവര്‍ക്കും അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. കോവിഡ് കാലത്തെ ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള പണം കൊടുക്കല്‍ വളരെ പെട്ടെന്ന് ഇത് കാരണം നടപ്പിലാക്കാന്‍ പറ്റി . കര്‍ഷകര്‍ക്കുള്ള 4000 രൂപയാണെങ്കിലും ( പി എം കിസാന്ന്റെ 2 ഗഡുക്കളായി) വനിതകള്‍ക്കുള്ള 1500 രൂപയാണെങ്കിലും ഒരു ചോര്‍ച്ചയും കൂടാതെ മണിക്കൂറുകള്‍ക്കകം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാന്‍ സാധിച്ചു. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കിട്ടി. നമ്മുടെ നാട്ടു നടപ്പു അനുസരിച്ചു ഇത് വ്യക്തികള്‍ മുഖേന ആയിരുന്നെങ്കില്‍ ഒരു ”സന്തോഷത്തിനായി” എങ്കിലും ഇതിന്റെ ഒരു ഭാഗം ഇടനിലക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്കപ്പെട്ടേനെ.
5 . ഏകദേശം 65000 കോടി രൂപയാണ് ഗ്രാമീണ മേഖലയില്‍ ഫലത്തില്‍ ഗരീബ് കല്യാണ്‍ യോജന പ്രകാരം എത്തിയത്. ഇത് മൊത്തം നമ്മുടെ സമ്പദ് ഘടനയുടെ വ്യാപ്തി നോക്കുമ്പോള്‍ ഭീമമായ തുകയല്ലെങ്കിലും, ചോര്‍ച്ച കൂടാതെ ഈ പണം എത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.
6 . ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ വളരെ കാര്യക്ഷമമായി അരിയും ഗോതമ്പും ധാന്യങ്ങളും രാജ്യത്തെ എല്ലാ കോണുകളിലും എത്തിച്ചു എന്നത് നമ്മുടെ രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. കേരളത്തിലും, കര്‍ണാടകത്തിലും, തമിഴ് നാട്ടിലും ഒക്കെ നല്ല റേഷന്‍ കട ശൃംഖലകള്‍ ഉള്ളത് എഫ് സി ഐ യുടെ ഈ പ്രവര്‍ത്തനത്തെ സാര്‍ത്ഥകമാക്കി. രാജ്യത്തു ഒരു സ്ഥലത്തും ഈ കോവിഡ് കാലത്തു പട്ടിണി ഉണ്ടായില്ല എന്നുള്ളത് നമുക്ക് ആശ്വാസം നല്കുന്നു.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് കൈത്താങ് കിട്ടിയ ഈ വര്‍ഷത്തെ ഖരീഫ് വിളവെടുപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും എന്നതിന് സംശയം ഇല്ല.
23 വിളകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ താങ്ങു വില പ്രഖ്യാപിച്ചു സംഭരണം നടത്തുന്നത്. ഇതില്‍ അരിയും ഗോതമ്പും എഫ് സി ഐ സംഭരണം നടത്തുമ്പോള്‍, നാഫെഡ് എന്ന കേന്ദ്ര സ്ഥാപനം പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ മുതലായവ സംഭരിക്കും. അരിയും ഗോതമ്പും ഒഴിച്ചുള്ള മറ്റു വിളകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ സക്രിയവുമാവണം ഇവ. കോവിഡിന്റെ വ്യാപനം രാജ്യത്തെ 725ഓളം ജില്ലകളില്‍ രൂക്ഷമായത് 60 ജില്ലകളില്‍ മാത്രമാണ്. ഇനിയെങ്കിലും നാം ഈ വളര്‍ച്ച നാമ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നമ്മുടെ രാജ്യത്തിന്റെ തനതു സാധ്യതകള്‍ തിരിച്ചറിഞ്ഞു ശുഭാപ്തി വിശ്വാസത്തോട് കൂടി മുന്നേറിയാല്‍ കോവിഡിന്റെ വ്യാപനം സമ്പദ് ഘടനയെ ഉലയ്ക്കാതെ കാക്കാന്‍ പറ്റും .
ഗ്രാമീണ ഭാരതത്തില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ഇതിനര്‍ത്ഥം. ഇന്നും അത്യധികം ദാരിദ്ര്യവും സാമൂഹ്യ അവശതയും അനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍ അവിടെയുണ്ട്. ദീനദയാല്‍ ഉപാധ്യായയുടെ ”അന്ത്യോദയ” വിഭാഗത്തില്‍ പെട്ടവര്‍. പക്ഷെ, കോവിഡിനോട് പൊരുതുന്നതിനോടൊപ്പം ജീവിത മാര്‍ഗങ്ങളില്‍ മുന്നേറുവാനുള്ള സാധാരണ ഭാരതീയന്റെ ഉള്‍പ്രേരണയ്ക്കു താങ്ങാവുന്ന തീരുമാനങ്ങളും, പരിപ്രേക്ഷ്യവും ആണ് നമുക്ക് ഇപ്പോള്‍ വേണ്ടത്.
ശരാശരി ഭാരതീയന്റെ, പ്രത്യേകിച്ച് ഗ്രാമീണരുടെ, ശക്തിയും ഊര്‍ജ്ജവും അനശ്വരവും ആഹ്ലാദപൂര്വുമായ നിരന്തര പരിശ്രമത്തിന്റെ ഫലമാണ്. അത് തകരാതെയും അണയാതെയും നോക്കുകയാണ് നാമിന്ന് ആദ്യം ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: