മുംബൈ: രാജ്യത്ത് ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ ഇന്ത്യ. മെയ് മാസത്തില്‍, ആമസോണ്‍ ഇന്ത്യ പ്രവര്‍ത്തന ശൃംഖലയിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും 70,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക് ശൃംഖല എന്നിവയില്‍ തുടര്‍ച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയില്‍ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആമസോണ്‍ അധികൃതര്‍ പറയുന്നത്.
പുതിയ ജീവനക്കാര്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യുന്നതിനും, കയറ്റി അയയ്ക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സഹായിക്കും. ഇതിനുപുറമേ പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആമസോണ്‍ പുതിയതായി 10 ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിലവിലുള്ള ഏഴ് കേന്ദ്രങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ കമ്പനിക്ക് 32 ദശലക്ഷം ക്യുബിക് ഫീറ്റ് സ്റ്റോറേജും, ആറരലക്ഷം വില്പനക്കാരും ഉണ്ട്. സോര്‍ട്ട് സെന്ററുകളുടെ വിപുലീകരണവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 19 സംസ്ഥാനങ്ങളിലായി അഞ്ച് പുതിയ സോര്‍ട്ട് സെന്ററുകള്‍ ആരംഭിക്കുകയും നിലവിലുള്ള എട്ടെണ്ണം വിപുലീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: