ന്യൂദല്‍ഹി: യുദ്ധമുഖത്ത് റഫാല്‍ ഇന്ത്യയുടെ കുന്തമുനയാണെന്ന് അത് നമുക്ക് മുന്‍തൂക്കം നല്‍കുമെന്നും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബദൗരിയ. ആദ്യം തന്നെ ശക്തമായും ആഴത്തിലും ശത്രുവിനെ പ്രഹരിക്കാനും കനത്ത നാശമുണ്ടാക്കുവാനും റഫാലിലൂടെ ഇന്ത്യക്കാവുമെന്നും വ്യോമസേനാ മോധാവി പറഞ്ഞു. എട്ടാം തീയതിയിലെ വ്യോമസേനാ ദിനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫാല്‍ യുദ്ധവിമാനം, ചീനൂക്ക്, അപ്പാച്ചെ ഹെലികോപ്ടറുകള്‍ എന്നിവയിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ നമുക്ക് പ്രഹരിക്കാം. മൂന്ന് വര്‍ഷത്തിനുള്ളില്‍ റഫാല്‍ പൂര്‍ണശക്തിയോടെ അതിര്‍ത്തിയില്‍ സജ്ജമാകും. ഒപ്പം മിഗ്29 യുദ്ധവിമാനങ്ങളുമെത്തും. ആധുനികവത്കരണത്തോടെ വ്യോമസേന അതിന്റെ വിശ്വാസ്യത വര്ദ്ധിപ്പിത്തു. ഇതാദ്യമായി വ്യോമസേനാ ദിനത്തില്‍ റഫാല്‍ പങ്കെടുത്ത് കരുത്ത് പ്രകടിപ്പിക്കും.
ഒരേസമയം ഇരട്ട പോര്‍മുഖം അഭിമുഖീകരിക്കാന്‍ നാം സജ്ജമാണ്. ചൈനയുടേയും പാകിസ്ഥാന്റെയും ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അവരോട് പോരാടാനുള്ള ശേഷിയമുണ്ട്. നമ്മുടെ വ്യോമസേന അവരുടേതിനേക്കാള്‍ ഏറെ മികച്ചതാണെന്ന് ആത്മവിശ്വാസത്തോടെ പറയാം. ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുയരുന്ന ഭീഷണി നേരിടാന്‍ വ്യോമസേന പൂര്‍ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു. അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ വളരെ ശക്തമായ രീതിയില്‍ നേരിടാന്‍ പാകത്തിലാണ് സേനയെ വിന്യസിച്ചിട്ടുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമസേനാദിനത്തിലെ പരേഡില്‍ റഫാലിനെ കൂടാതെ 19 കോപ്ടേഴ്സ്, ഏഴ് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ഉള്‍പ്പടെ 56 എയര്‍ക്രാഫ്റ്റുകള്‍ പങ്കെടുക്കും. ജാഗ്വര്‍, സുഖോയ് 30, മിഗ് 29, തേജസ്, മിറാഷ് 2000, മിഗ് 21 എന്നിവയും പരേഡില്‍ പങ്കെടുക്കും. കൂടാതെ ചീനൂക്ക് മള്‍ട്ടി മിഷന് കോപ്ടേഴ്സ്, അപ്പാച്ചെ ഹെലികോപ്ടര്‍, സി17 ഹെവിലിഫ്റ്റേഴ്സ്, സി 1 ജെ സ്പെഷ്യല്‍ ഒപ്പോസ് വിമാനങ്ങളുടെയും സാന്നിധ്യമുണ്ടാകുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: