കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ പരമ്പരാഗത ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന പഞ്ചദിന സത്യഗ്രഹം തുടങ്ങി.
സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്മശാന നവീകരണത്തിന് ആരും എതിരല്ല. എന്നാല്‍ നവീകരണത്തിന്റെ പേരില്‍ പരമ്പരാഗത രീതിയിലുള്ള സംസ്കാരചടങ്ങ് നിര്‍ത്തിവെച്ച തീരുമാനം പിന്‍വലിക്കണം. ഈ തീരുമാനം പിന്‍വലിക്കുംവരെ സമരം തുടരണം. നിലവില്‍ വിവിധ സാമുദായിക സംഘടനകള്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനുവാണ് ഇന്ന് സത്യഗ്രഹം ഇരിക്കുന്നത്. പി.കെ. പ്രേമാനന്ദന് അദ്ധ്യക്ഷനായി. വിഎച്ച്പി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഇ. സന്തോഷ് കുമാര്‍, സുനില്‍കുമാര്‍ പുത്തൂര്‍മഠം. സതീഷ് മലപ്രം, ഇ. വിനോദ് കുമാര്‍, സുബീഷ് ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത്, സുനില്‍കുമാര്‍ പുത്തൂര്‍മഠം, രാജേഷ് നാദാപുരം, സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി എന്നിവരും സത്യഗ്രഹത്തിന് നേതൃത്വം നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സത്യഗ്രഹത്തില്‍ വിവിധ സമയങ്ങളിലായി സാമുദായിക, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
മാവൂര്‍ റോഡ് ചാളത്തറ പരമ്പരാഗത ശ്മശാന സംരക്ഷണത്തിനായുള്ള രണ്ടാംഘട്ട പ്രക്ഷോഭത്തിനാണ് ഹിന്ദുഐക്യവേദി തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ ഹിന്ദുസംഘടനകളുടെ യോഗവും ക്ഷേത്രഭാരവാഹികളുടെ യോഗവും ചേര്‍ന്ന് കൂടുതല്‍ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 12ന് കോഴിക്കോട് കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: