സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം പൊറുക്കാനാവാത്ത തെറ്റാണ്, കുറ്റമാണ്. അതില്‍ നടപടി ഉണ്ടാവാത്തത് അതിലും വലിയ ക്രൂരതയാണ്. ഇരയെ മറന്നു പ്രതികളെ സംരക്ഷിക്കുന്ന നിലപാടുണ്ടായാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. പക്ഷെ രാഷ്ട്രീയ നേട്ടത്തിനായുള്ള ഒരു ആയുധം മാത്രമായി പ്രതികരണങ്ങള്‍ മാറുന്നു എന്നത് സങ്കടമാണ്.
ഹാഥ്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിയാണ് വേണ്ടത്. എന്നാല്‍ പ്രക്ഷോഭം നടത്തുന്നവരുടെ ആവശ്യം പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണം എന്നാണോ? അല്ല. കാരണം പെണ്‍കുട്ടി പറഞ്ഞ പ്രതികള്‍ എല്ലാവരും പ്രതിചേര്‍ക്കപ്പെട്ടു, ദിവസങ്ങള്‍ക്കകം തന്നെ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണോ വാദം, അതും അല്ല. ഉത്തരവാദി യുപി സര്‍ക്കാര്‍ ആണ്, അതുകൊണ്ടു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണം!.
കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഉടനടി ഏല്‍പ്പിച്ചു, തെളിവുകള്‍ നശിച്ചുപോകാനുള്ള കാലതാമസം വരുത്താതെ സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടു സര്‍ക്കാര്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോ ഗ്രാഫ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു മൃതശരീരം ദഹിപ്പിച്ചതുവഴി റീപോസ്റ്റ്മോര്‍ട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. കൂടാതെ ഫോറന്‍സിക് പരിശോധനക്കായി സ്വരൂപിച്ച എല്ലാ ആന്തരീക സ്രവങ്ങളുടെ സാമ്പിളുകളും തുടര്‍പരിശോധനകളോ പുന:പരിശോധനകളോ ആവശ്യമായാല്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിട്ടുമുണ്ട്. മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതും സംസ്കരിച്ച രീതിയും അന്വേഷണത്തില്‍ ഉള്‍പ്പെടും. അപ്പോള്‍ ആവശ്യം ജുഡീഷ്യല്‍ അന്വേഷണം വേണം എന്നതായി.
സെപ്തംബര്‍ മാസത്തില്‍ തന്നെയാണ് കേരളത്തില്‍ ഒരു 19 വയസ്സുകാരിയും ദളിത് യുവതിയുമായ കോവിഡ് രോഗി സര്‍ക്കാര്‍ സംവിധാനമായ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ബലാല്‍സംഗത്തിനു ഇരയായത്. അവിടെ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും കണ്ടില്ല. ക്രിമിനല്‍ കേസ് പ്രതി എങ്ങനെ 108 ആംബുലന്‍സ് ഡ്രൈവര്‍ ആയി? നിയമനത്തില്‍ ഏജന്‍സി വരുത്തിയ ശ്രദ്ധക്കുറവ് മാത്രമായി അത് വിശദീകരിക്കപ്പെട്ടു, സര്‍ക്കാറിന് കുറ്റമില്ല! സ്രവ പരിശോധനക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നല്കി രാത്രി 10 മണിക്ക് കൂട്ടികൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് ആരോഗ്യപ്രവര്‍ത്തകരാണ്. 19 വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടാന്‍ ആംബുലന്‍സ ഡ്രൈവറെ ഒറ്റയ്ക്ക് വിട്ട ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നാല് മണിക്കൂര്‍ കഴിഞ്ഞും ആംബുലന്‍സ് രോഗിയെകൊണ്ടു ആശുപത്രിയില്‍ എത്താത്തതില്‍ ഒരു കുഴപ്പവും തിരിച്ചറിഞ്ഞില്ല. അതിനെക്കുറിച്ചു അന്വേഷിച്ചുപോലുമില്ല. എന്തൊരു കരുതല്‍! ഇവിടെ ഡ്രൈവര്‍ എന്ന വ്യക്തിക്ക് മാത്രം ഉത്തരവാദിത്തം കല്പ്പിക്കുന്നവരോട് ഒരു ചോദ്യം- കാല ദേശങ്ങള്‍ക്കനുസരിച്ചു ഉത്തരവാദിത്തം മാറുമോ.
18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്. ഒന്നാമതുള്ള രാജസ്ഥാനെക്കാള്‍ (1314) 44 എന്നതിന്റെ കുറവ് മാത്രം. ആറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സിന് മുകളിലുള്ള വൃദ്ധകളും ബലാത്സംഗത്തിന് ഇരയായത് ഏറ്റവും കൂടുതല്‍ കേരളത്തില്‍ ആണ്.
2020 മാര്‍ച്ച് 20നു ഡല്‍ഹി പീഡനക്കേസിലെ നാല് കുറ്റവാളികളെ തൂക്കിലേറ്റിയതിനു ശേഷവും ഇത്രയധികം ബലാത്സംഗങ്ങളും കൊലപാതകങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അത്തരം ഒരു വിധി പോലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നു പിന്തിരിയാന് പ്രേരകമാകുന്നില്ല എന്നാണോ സൂചിപ്പിക്കുന്നത്? 2018 നെ അപേക്ഷിച്ച് 2019 ല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 7.3% വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍സ് ബ്യൂറോ (എന്‍സിആര്‍ബി) 2020 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശും രണ്ട് മൂന്ന് നാല് സ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും, ബിഹാറും പശ്ചിമബംഗാളുമാണ്. പതിമൂന്നാമത് ആണ് കേരളം. കേരളത്തിലെ ജനസംഖ്യയുടെ എട്ട് ഇരട്ടിയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഇരുപത്തിനാല് കോടി. ഉത്തര്‍പ്രദേശിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നവര്‍ എന്‍സിആര്‍ബി റിപ്പോര്‍ട്ട് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ലൈംഗിക അതിക്രമം, ലൈംഗിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളില്‍ കേരളത്തിന്റെ സ്ഥിതിയും കണക്കുകളില്‍ ഉണ്ട്.
18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്. ഒന്നാമതുള്ള രാജസ്ഥാനെക്കാള്‍ (1314) 44 എന്നതിന്റെ കുറവ് മാത്രം. ആറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സിന് മുകളിലുള്ള വൃദ്ധകളും ബലാത്സംഗത്തിന് ഇരയായത് ഏറ്റവും കൂടുതല്‍ കേരളത്തില്‍ ആണ്. 2023 കേസുകളില്‍ ആയി 2044 സ്ത്രീകള്‍ ആണ് പീഡിപ്പിക്കപെട്ടത്. അതില്‍ 1271 പേരും 18 വയസ്സില്‍ താഴെ പ്രായമുളളവരാണ്. കേരളത്തില്‍ ദിവസവും 6 പേര് വീതം പീഡനത്തിന് ഇരയാകുമ്പോള്‍ അതില്‍ 4 പേരും കുട്ടികള്‍ ആണ്. ഭാരതത്തില്‍ ആകെയുള്ള സ്തീ പീഡനകേസില്‍ ഒന്നാമത് രാജസ്ഥാന് ആണ് (5997). ഉത്തര്‍പ്രദേശ് (3056), മധ്യപ്രദേശ് (2485), മഹാരാഷ്ട്ര (2299), കേരളം (2023) എന്നീ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നില്‍. ഉത്തര്‍പ്രദേശിലെ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കാണിക്കുന്ന ശുഷ്കാന്തിയുടെ പകുതിയെങ്കിലും കേരളത്തിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കാണിച്ചാല്‍ എത്ര നന്ന്. നമ്മളും നമ്മുടെ മക്കളുമൊക്കെ ജീവിക്കുന്നത് കേരളത്തില്‍ അല്ലെ.
ഇരയെ മറന്നു പ്രതികളെ സംരക്ഷിക്കുന്ന നിലപാടുണ്ടായാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. പക്ഷെ രാഷ്ട്രീയ നേട്ടത്തിനായുള്ള ഒരു ആയുധം മാത്രമായി പ്രതികരണങ്ങള്‍ മാറുന്നു എന്നത് സങ്കടമാണ്.
ഇന്ത്യയില്‍ ആകെ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 27.8% മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറ്റാന്വേഷണത്തിലും കേസ് നടത്തിപ്പിലും വരുന്ന ഇടപെടലുകളും വീഴ്ച്ചകളും ആണ് ഈ കുറഞ്ഞ നിരക്ക് തുറന്നുകാട്ടുന്നത്. വാളയാര്‍ നമുക്ക് മുന്നിലെ ഉദാഹരണമാണ്. 2006 സെപ്റ്റംബര്‍ 22 ന് സുപ്രീംകോടതി പ്രകാശ് സിംഗ് ആന്‍ഡ് അഥേഴ്സ് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ എന്ന കേസില്‍ ഒരു ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പോലീസ് സേനയില്‍ പരിഷ്കരണത്തിന് തുടക്കമിടുന്നതിന് പ്രായോഗിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏഴ് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് വിധി. രാഷ്ട്രീയമായി പക്ഷപാതപരമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത് എന്ന ആക്ഷേപമാണ് ഈ നിര്‍ദ്ദേശങ്ങളിലേക്ക് നയിക്കാന്‍ ഇടയായ വിധിയുടെ അടിസ്ഥാനം. പോലീസ് പ്രവര്‍ത്തനങ്ങളില്‍ അന്വേഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും വേര്‍തിരിക്കല്‍, അതായത് അന്വേഷണം നടത്തുന്ന പോലീസിനെ ക്രമസമാധാനപാലനത്തില്‍ നിന്ന് ഒഴിവാക്കല്‍, വേഗത്തിലുള്ള അന്വേഷണം, മികച്ച വൈദഗ്ദ്ധ്യം, ആളുകളുമായി മെച്ചപ്പെട്ട ബന്ധം എന്നിവ ഉറപ്പാക്കുമെന്നതായിരുന്നു കോടതി നിര്‍ദ്ദേശത്തിന്റെ കാതല്‍. പോലീസ് സേന തികച്ചും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ആണ് എന്നിരിക്കെ അത്തരത്തില്‍ ഒരു പരിഷ്കരണത്തിന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനത്തു തുടക്കമിടാന്‍ യൂഡിഫ് സര്‍ക്കാരോ ഇടതു സര്‍ക്കാരോ ശ്രമിച്ചിട്ടില്ല എന്നത് ഇക്കാര്യത്തില്‍ ഉള്ള അവരുടെ താല്പര്യം എത്രത്തോളമാണെന്നു വെളിവാക്കുന്നു. നിയമത്തിന്റെ അപര്യാപ്തതയല്ല മറിച്ച് അവ നടപ്പില്‍ വരുത്താനുള്ള നിശ്ചയദാര്‍ഢ്യം അധികാരികളില്‍ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങള്‍ അനസ്യുതം തുടരാന്‍ ഇടവരുത്തുന്നത്.
മനുസ്മൃതിയില്‍ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറഞ്ഞത് മാത്രം പരിഗണിച്ച് അധിക്ഷേപം ചൊരിയുന്ന ഇടതു ബുദ്ധിജീവികള്‍ അതേ മനുസ്മൃതിയില്‍ ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത’ എന്ന മനുവിന്റെ ശ്ലോകം കണ്ടില്ലെന്നു നടിച്ചു. സ്ത്രീയെ സംബന്ധിച്ച കാഴ്ചപ്പാടും പെരുമാറ്റവും എന്തായിരിക്കണമെന്നു പുരുഷന് നല്കിയ നിര്‍ദ്ദേശമാണ് ആ ശ്ലോകത്തില്‍ ഉള്ളത്. ഉയര്‍ന്ന സാക്ഷരതയെന്നും വിദ്യാഭ്യാസമെന്നുമൊക്കെ ഊറ്റം കൊള്ളുന്ന കേരളീയര്‍ പക്ഷെ
പിന്നിലാകുന്നത് അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന വിവേകമില്ലായ്മയിലൂടെ ആണ്. സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ രീതിയോടൊപ്പം അവര്‍ ഇല്ലായ്മ ചെയ്ത, നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരുന്നെങ്കില്‍ നമുക്ക് ഈ ഗതി വരില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: