ദുബായ്: ഷെയ്ന് വാട്സണ്, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായ്ഡു, ഡ്വെയ്ന്‍ ബ്രാവോ, എം.എസ്. ധോണി… കിളവന്മാരുടെ ടീമെന്ന് എഴുതി തള്ളിയവരോട് ചെന്നൈ ആരാധകര്‍ ഇന്നലെ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിരിക്കണം, പ്രായം വെറും അക്കമാണെന്ന്. കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരം ചെന്നൈക്ക് അത്രമേല്‍ അഭിമാന പോരാട്ടമായിരുന്നു. ആദ്യ കളി മുംബൈയോട് ജയിച്ച ചെന്നൈക്ക് മൂന്ന് തുടര്‍ തോല്‍വികള്‍ വലിയ പ്രഹരം ഏല്‍പ്പിച്ചു. അപ്പൂപ്പന്മാര് വിരമിക്കേണ്ട സമയം അതിക്രമിച്ചെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചകളും കൊഴുത്തു.
എന്നാല്‍ ചെന്നൈയുടെ സൂപ്പര്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു പഞ്ചാബിനെതിരെ. ഓസ്ട്രേലിയയുടെ മുന്‍ ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ്, കൂറ്റന്‍ അടികള്‍ മറന്നിട്ടില്ലെന്ന് കെ.എല്‍. രാഹുലിനെയും സംഘത്തെയും ഓര്‍മപ്പെടുത്തി. ഫോമിലുള്ള ഫാഫ് ഡു പ്ലെസിസ് ആഞ്ഞടിച്ചും ബൗണ്ടറികള്‍ നേടിയും ഇന്നിങ്സിന് ശക്തി നല്കി. മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ള ഇരുവര്‍ക്കും ദുബായ്യിലെ ചൂട് പ്രശ്നമായതേയില്ല. പഞ്ചാബിനെതിരായ പത്ത് വിക്കറ്റ് ജയം ഐപിഎല്‍ ചരിത്രത്തില്‍ തന്നെ റെക്കോഡായി. 181 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്.
മിഡ് വിക്കറ്റിന് മുകളിലൂടെയും ലോങ് ഓണിന് മുകളിലൂടെയുമുള്ള വാട്സന്റെ പടുക്കൂറ്റന്‍ സിക്സുകള്‍ പ്രതാപ കാലത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. വിന്‍ഡീസിന്റെ ഷെല്‍ഡണ്‍ കോട്രലും രവി ബിഷ്നോയിയും വാട്സന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുവശത്ത് ഡു പ്ലെസിസും പഞ്ചാബ് ബൗളര്‍മാരെ തല്ലിത്തകര്‍ത്തതോടെ ചെന്നൈ സ്കോര്‍ അതിവേഗം മുന്നോട്ടു നീങ്ങി.
53 പന്തില്‍ 83 റണ്‍സാണ് മത്സരത്തില്‍ വാട്സന്റെ സമ്പാദ്യം. ഡു പ്ലെസിസ് 53 പന്തില്‍ 87 റണ്‍സ് നേടി. ചെന്നൈ നിരയില്‍ ഇന്നലെയിറങ്ങിയ അഞ്ചിലധികം താരങ്ങള്‍ മുപ്പത്തഞ്ച് വയസിന് മുകളിലുള്ളവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: