മഹാപുരുഷന്മാരുടെ ദേഹം കര്‍മബന്ധനങ്ങള്‍ക്കതീതമാണെങ്കിലും മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്ത് അവരും ശാരീരികരോഗങ്ങള്‍കൊണ്ടു കഷ്ടപ്പെടുന്നു. ശ്രീശാരദാദേവി തന്റെ ജീവിതകാലത്തില്‍ പല രോഗങ്ങള്‍കൊണ്ടു കഷ്ടപ്പെട്ടിരുന്നു. ദേവിയുടെ ശിഷ്യയായ സരയൂബാലാദേവി ഒരിക്കല്‍ ദേവിയുടെ കല്‍ക്കത്തയിലെ വീടായ ഉദ്ബോധനില്‍ എത്തിയപ്പോള്‍ രാമകൃഷ്ണസംഘത്തിലെ സംന്യാസിമാര്‍ പറയുന്നതു കേട്ടു: ‘അമ്മേ, ഈപ്രാവശ്യം അമ്മയുടെ അസുഖം മാറിയാല്‍ ആര്‍ക്കും മന്ത്രദീക്ഷ കൊടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ശിഷ്യരുടെ പാപമേറ്റെടുത്ത് അമ്മയ്ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടിവരുന്നു.’ അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘അതെന്താ കുട്ടികളെ, ശ്രീരാമകൃഷ്ണന് വന്നത് രസഗുള തിന്നാന്‍ മാത്രമാണോ?’’ ശ്രീരാമകൃഷ്ണനും താനും ഭൂമിയില്‍ അവതരിച്ചത് ആളുകളുടെ ദുരിതം കുറച്ച്, അവര്‍ക്കു മുക്തി നല്‍കാനാണെന്നാണ് ദേവി ഉദ്ദ്യേശിച്ചത്.
സ്വന്തം ശക്തികൊണ്ടും, ദേവതമാരെ ആശ്രയിച്ചും, മരുന്നുകൊണ്ടും, ഗംഗാജലംകൊണ്ടുമെല്ലാം ദേവി തനിക്കുണ്ടായ രോഗങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തുന്നതു നാം കാണുന്നു. മാത്രമല്ല, ഇതെല്ലാം ദേവി മറ്റുള്ളവര്‍ക്ക് ഉപദേശിക്കയും ചെയ്തു. ഒരിക്കല്‍ തന്റെ രോഗശമനത്തിനായി ജന്മഗ്രാമമായ ജയരാംവാടിയിലെ ഗ്രാമദേവതയായ സിംഹവാഹിനിയുടെ ക്ഷേത്രത്തില്‍ ദേവി ഉപവാസമിരുന്നു. സംഭവം ഇങ്ങനെയാണ്: അച്ഛന്റെ മരണശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ 1874 ഏപ്രില്‍ മാസത്തില്‍ ദേവി ദക്ഷിണേശ്വരത്തേയ്ക്കു മടങ്ങിവന്നു. ശ്രീരാമകൃഷ്ണന് അതിസാരം പിടിപെട്ടതുകൊണ്ട് ദേവി അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഗുരുദേവന് രോഗമുക്തനായെങ്കിലും ദേവിക്ക് അതേ രോഗം വന്നു. രോഗം വളരെ തീഷ്ണമായി. കുറച്ചു സുഖമായപ്പോള്‍ ദേവി ജയരാംവാടിയിലേയ്ക്കു പോയി. അവിടെയെത്തിയപ്പോള്‍ രോഗം വീണ്ടും കലശലായി. ദേവിയുടെ അമ്മയും സഹോദരന്മാരും ശ്രദ്ധയോടെ ശുശ്രൂഷിച്ചു. പക്ഷേ, രക്ഷപ്പെടുമോ എന്നു സംശയിക്കത്തവിധം രോഗം വളരെ മൂര്‍ച്ഛിച്ചു.
ഈ അവസരത്തില്‍ ദേവി ധൈര്യസമേതം ഒരു കാര്യം ഉറച്ചു. സിംഹവാഹിനീദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ഒരു ക്ഷേത്രം ദേവിയുടെ ഗൃഹത്തിന്റെ സമീപത്തുണ്ട്. ആ ദേവിയുടെ മുമ്പില്‍ ചെന്നു മരണം വരെ ഉപവാസം കിടക്കാന്‍ തീര്‍ച്ചയാക്കി. ശരീരം മുഴുവനും നീരു വന്നു വീര്‍ത്തിരുന്നു. കണ്ണില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും മുറിയാതെ ജലം ഒഴുകിയൊഴുകി കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെട്ടിരുന്നു. ഈ നിലയില്‍ ആ വിഗ്രഹത്തിന്റെ മുമ്പില്‍ എങ്ങനെയോ എത്തി അവിടെ ഒരേ കിടപ്പു കിടന്നു. കുറച്ചു ക്ഷണങ്ങള്‍ക്കുള്ളില്‍ ദേവിയുടെ അമ്മ ശ്യാമസുന്ദരീദേവിയുടെ മുമ്പാകെ ഒരു ചെറിയ പെണ്‍കുട്ടി ചെന്നു പറഞ്ഞു: ‘വേഗം പോകൂ, മകളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവരൂ. ഈ രോഗാവസ്ഥയില്‍ പുത്രിയെ അവിടെ വിടുന്നതു ശരിയാണോ? വേഗം കൂട്ടിക്കൊണ്ടുവന്ന് ഈ മരുന്നു കൊടുക്കൂ. പൂര്‍ണ്ണസുഖം കിട്ടും.’ ഇതേ സമയത്ത്, സിംഹവാഹിനിയുടെ മുമ്പില്‍ കിടക്കുന്ന ദേവിക്കും കണ്ണിലേയ്ക്കുള്ള ഒരു മരുന്നു നിര്‍ദ്ദേശിക്കപ്പെട്ടു. ആ രണ്ടു മരുന്നുകളും പരീക്ഷിച്ചു. കണ്ണില്‍ വെള്ളം വരുന്നതിന് അന്നു മുതല്‍ കുറവു കണ്ടുതുടങ്ങി. ക്രമേണ കണ്ണുകള്‍ക്കു പൂര്‍ണസുഖം ലഭിച്ചു. ശരീരത്തിലുണ്ടായിരുന്ന നീരും ക്രമേണ കുറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ദേവി തന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു. ആരെങ്കിലും രോഗം എങ്ങനെ ഭേദമായി എന്നു ചോദിച്ചാല്‍ അമ്മയായ സിംഹവാഹിനിയാണ് മരുന്നു തന്നതെന്നാണ് ദേവി പറയുക. അന്നുമുതല്‍ സിംഹവാഹിനിയുടെ മാഹാത്മ്യവും വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: