ഡാളസ്: ഡാളസിലെ പ്രമുഖ ഇമിഗ്രേഷന്‍ അറ്റോര്‍ണി ലാല്‍ വര്‍ഗീസ് കഴിഞ്ഞ 25 വര്‍ഷങ്ങളായി എഴുതിയ നിരവധി ലേഖനങ്ങള്‍ സമാഹരിച്ച് രചിച്ച “കണ്ടിന്യൂയിംഗ് ദി ഫെയ്ത്ത് ജേര്‍ണി (Cotinuing The Faith Journey) എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം മാര്‍ത്തോമാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി നിര്‍വഹിച്ചു.
മാര്‍ത്തോമാ മെത്രാപ്പോലീത്ത മോസ്റ്റ് റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം നടത്തിയതിന്റെ പതിമൂന്നാം വാര്‍ഷികവും, ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി, തോമസ് മാര്‍ തിമോത്തിയോസ് തിരുമേനി, ഐസക്ക് മാര്‍ ഫീലക്സിനോസ് തിരുമേനി എന്നിവരുടെ എപ്പിസ്കോപ്പ സ്ഥാനാരോഹണത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടാം തീയതി മാര്‍ത്തോമാ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തില്‍ നന്ദിസൂചകമായി നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഫീലക്സിനോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ടാണ് സഫ്രഗന്‍ മെത്രാപ്പോലീത്ത പ്രകാശനം നിര്‍വഹിച്ചത്.
ബൈബിള്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിംഗ് ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍) നിര്‍വഹിച്ചിരിക്കുന്നു. പുസ്തക വില്പനയില് നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കന്‍ ഭദ്രാസനം ഏറ്റെടുത്ത് നടത്തുന്ന ‘ലൈറ്റ് ടു. ലൈഫ്’ മിഷന് പരിപാടിക്കുവേണ്ടി ഉപയോഗിക്കുമെന്ന് ലാല്‍ വര്‍ഗീസ് പറഞ്ഞു. പുസ്തകത്തിന്റെ കോപ്പികള്‍ 972 788 0777 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: