ബ്രാഹ്മണന്റെ ഉപദേശം സ്വീകരിച്ച് ആ പുണ്യതീര്‍ഥത്തില്‍ കുളിച്ച് തര്പണാദികള് ചെയ്യാന്‍ ഹരിശ്ചന്ദ്രന് നിശ്ചയിച്ചു. കുതിരയെ അടുത്തുകണ്ട ഒരു മരത്തില്‍ കെട്ടി. നദിയിലിറങ്ങി കുളിച്ച് ബ്രാഹ്മണവേഷത്തിലുള്ള വിശ്വാമിത്രന്റെ ഉപദേശാനുസൃതമുള്ള തര്പണം നടത്തി. തര്പണാന്ത്യത്തില് ദാന
നിര്‍വഹണത്തിന് ഹരിശ്ചന്ദ്രന് തയാറായി.
‘യദിഛസി മഹാഭാഗ, തത്തേദാസ്യാമി സാമ്പ്രതം
ഗാവോ ഭൂമിര്‍ ഹിരണ്യം ച ഗജാശ്വരഥവാഹനം’
മഹാത്മന് അങ്ങയുടെ ഇച്ഛയ്ക്കനുസരിച്ചുള്ള ദാനകര്‍മം ഞാന്‍ നിര്‍വഹിക്കുന്നതാണ്. പശുക്കളോ, ഭൂമിയോ സ്വര്‍ണമോ, ആന, കുതിര, തേര് ഇത്യാദി എന്താണോ അങ്ങാഗ്രഹിക്കുന്നത് അതനുസരിച്ചുള്ള ദാനം. ഹരിശ്ചന്ദ്രന് പറഞ്ഞു നിര്‍ത്തി. ത്രിശങ്കു പുത്രനായ അങ്ങ് പരമോദാരനാണെന്ന് വസിഷ്ഠാദികള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ മകന്റെ വിവാഹാവശ്യത്തിനായി ഇപ്പോള്‍ എനിക്ക് ധനം ആവശ്യവുമുണ്ട്.
അങ്ങ് ഇച്ഛിക്കുന്നത് എത്രയാണെങ്കിലും അതു നല്കാന് ഞാന്‍ തയ്യാറാണെന്ന് ഹരിശ്ചന്ദ്രന് വ്യക്തമാക്കി. അതുകേട്ട് വിശ്വാമിത്രന് ഉള്ളില്‍ ചിരിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര മഹാരാജന് കൊട്ടാരത്തിലേക്ക് പോകാനുള്ള മാര്‍ഗനിര്‍ദേശം നല്കി.
രാജ്യംദേഹി മഹാരാജ വരായ സപരിഛദം
ഗജാശ്വരഥരത്നാഢ്യം വേദീമധ്യേളതിപാവനേ
‘രാജ്യംദേഹി’ എന്ന് വിശ്വാമിത്രന് പറഞ്ഞതും ഹരിശ്ചന്ദ്രന് അതിനു സമ്മതിച്ചു.
രാജ്യം തന്റെ സ്വന്തമാണോ എന്നൊന്നും ആലോചിക്കാന്‍ ആ നിമിഷത്തില്‍ ഹരിശ്ചന്ദ്രന് ശ്രദ്ധിച്ചില്ല. രാജ്യം ജനങ്ങളുടെയാണ്. അത് തന്നിഷ്ടം പോലെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ രാജാവിന് അധികാരമുണ്ടോ? അധികാരമില്ലാത്ത വസ്തു ദാനം ചെയ്യുന്നതും തെറ്റല്ലേ? അത് അധികാര ദുര്‍വിനിയോഗമല്ലേ? ഇത്തരം കാര്യങ്ങള്‍ രാജാവ് ആലോചിേേക്കണ്ടതല്ലേ?
അപ്പോഴാണ് വിശ്വാമിത്രന്റെ മറുപടി. ദാനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഇനി അതിന്റെ പൂര്‍ത്തീകരണം നടത്തിയാലും. ദാനദക്ഷിണ നല്കിയാലും.
‘ദക്ഷിണാം ദേഹി രാജേന്ദ്ര ദാനയോഗ്യം മഹാമതേ
ദക്ഷിണാരഹിതം ദാനം നിഷ്ഫലം മനുരബ്രവീത്’
ദാനപൂര്ത്തീകരണത്തിന് ദക്ഷിണയും ആവശ്യമെന്ന് മനു വിധിച്ചിട്ടുണ്ട്. അതിനാല്‍ ദാനത്തിനനുസരിച്ചുള്ള ദക്ഷിണയും നല്കിയാലും.
എത്രയാണ് ദക്ഷിണയെന്ന് ഹരിശ്ചന്ദ്രന് ആരാഞ്ഞപ്പോള്‍ രണ്ടരത്തൂക്കം സ്വര്‍ണം ദക്ഷിണയായി നല്കാന് വിശ്വാമിത്രന് നിര്‍ദേശിച്ചു. ഹരിശ്ചന്ദ്രന് അതും സമ്മതിച്ചു.
കൊട്ടാരത്തില്‍ മടങ്ങിയെത്തിയ മഹാരാജന് ഊണും ഉറക്കവുമില്ലായി. അടുത്തനാള്‍ പുലര്‍ച്ചയ്ക്കു തന്നെ വിശ്വാമിത്രന് കൊട്ടാരത്തിന്റെ പടിക്കലെത്തി. കൗശിക മഹര്‍ഷി കാത്തു നില്ക്കുന്ന വിവരം സൈനികര്‍ രാജാവിനെ അറിയിച്ചു. ഹരിശ്ചന്ദ്രന് വിശ്വാമിത്രനെ സ്വീകരിച്ചു. ദാസഭാവത്തില്‍ തൊഴുതു നിന്നു.
‘ രാജംസ്ത്യജ രാജേന്ദ്ര, മേദേഹി വാചാ പ്രതിശ്രുതം
സുവര്‍ണം സ്പൃശ രാജേന്ദ്ര സത്യവാക്ഭവ സാമ്പ്രതം’
സത്യവാക്കനുസരിച്ച് അങ്ങ് സ്വര്‍ണ ദക്ഷിണ നല്കി രാജ്യം വിട്ടു പോയാലും എന്ന് വിശ്വാമിത്രന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: