ഷാര്‍ജ: ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അടിപൊളി ബാറ്റിങ്ങും ട്രെന്റ് ബോള്‍ട്ട് നയിച്ച പേസ് നിരയുടെ മിന്നുന്ന പ്രകടനവും മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ അവര്‍ 34 റണ്‍സിന് സണ്‍റൈസേഴ്സ് െൈഹദരാബാദിനെ തോല്‍പ്പിച്ചു. അഞ്ചു മത്സരങ്ങളില്‍ മുംബൈയുടെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് ആറു പോയിന്റായി.
മുംബൈ മുന്നോട്ട് വച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 174 റണ്‍സേ എടുക്കാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 208 റണ്‍സാണ് എടുത്തത്. മുംബൈയ്ക്കായി ഡികോക്ക് 39 പന്തില്‍ നാല് ഫോറും നാല് സിക്സറും സഹിതം 67 റണ്‍സ് എടുത്തു. നാല് ഓവറില്‍ 28 റണ്‍സിന് ഹൈദരാബാദിന്റെ രണ്ട് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ ട്രെന്‍ഡ് ബോള്‍ട്ടാണ് കളിയിലെ താരം. മുംബൈയുടെ മറ്റ് പേസര്‍മാരായ പറ്റിന്സണും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പറ്റിന്‍സണ്‍ നാല് ഓവറില്‍ 29 റണ്‍സും ബുംറ 41 റണ്‍സും വിട്ടുകൊടുത്തു.
ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാല്പ്പത്തിനാല് പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 60 റണ്‍സ് കുറിച്ചു. ബെയര്‍സ്റ്റോ (25), മനീഷ് പാണ്ഡെ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം പാളി. ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ആറു റണ്‍സിന് പുറത്തായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് ഓപ്പണര്‍ ഡി കോക്കിനൊപ്പം പൊരുതി നിന്നതോടെ മുംബൈ കരകയറി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സൂര്യകുമാര്‍ 27 റണ്‍സിന് പുറത്തായി. പതിനെട്ട് പന്ത് നേരിട്ട സൂര്യകുമാര്‍ ആറ് ബൗണ്ടറി അടിച്ചു. ഇഷാന് കിഷനും ഡികോക്കിന് ഉറച്ച പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 78 റണ്‍സ് അടിച്ചെടുത്തു. ഇഷാന് കിഷന് 23 പന്തില്‍ 31 റണ്‍സ് നേടി. ഒരു ഫോറും രണ്ട് സിക്സറും അടിച്ചു. ഹാര്‍ദിക് പാണ്ഡ്യയും അടിച്ചു തകര്‍ത്തു-19 പന്തില്‍ 28 റണ്‍സ്. രണ്ട് ഫോറും രണ്ട് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. അവസാന ഓവറുകളില്‍ കീരണ്‍ പൊള്ളാര്‍ഡും ക്രുണാല്‍ പാണ്ഡ്യയും നിറഞ്ഞാടിയതോടെ മുംബൈ സ്കോര്‍ 208 റണ്‍സിലെത്തി.
പൊള്ളാര്‍ഡ് പതിമൂന്ന് പന്തില്‍ മൂന്ന് പന്തില്‍ മൂന്ന് സിക്സര്‍ അടക്കം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രൂണാല്‍ പാണ്ഡ്യ നാലു പന്തില്‍ 20 റണ്‍സുമായി അജയ്യനായി നിന്നു. രണ്ട് ഫോറും രണ്ട് സിക്സറും നേടി.സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 208 (ക്വിന്റണ്‍ ഡികോക്ക് 67, ഇഷാന് കിഷന് 31) സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 174 (വാര്‍ണര്‍ 60, മനീഷ് പാണ്ഡെ 30).
പ്രതികരിക്കാൻ ഇവിടെ എഴുതുക: