മൂന്നാര്‍: ചിത്തിരപുരത്തെ സ്വകാര്യ ഹോംസ്റ്റേയില്‍ വെച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ പുതിയപറമ്പത്ത് വീട്ടില്‍ പി.പി. ഹരീഷ് (ജോബി-33) ആണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. ജോബിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ ചിത്തിരപുരം കൊട്ടാരത്തില്‍ കെ. തങ്കപ്പന്റെ(73) നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം എഥനോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച തൃശൂര്‍ കുഴിക്കാട്ടുശേരി മാളിയേക്കല്‍ മനോജ് മോഹന്‍(47) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞ മാസം 26ന് ആണ് ഇവര്‍ 3 പേരും ഡോബിപ്പാലത്തെ ഹോംസ്റ്റേയില്‍ വെച്ച് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന എഥനോളില്‍ തേന്‍ ചേര്‍ത്ത ദ്രാവകവും തുടര്‍ന്ന് മദ്യവും കഴിച്ചത്. 27ന് സ്വദേശത്തേക്ക് മടങ്ങിയ മനോജിന് പിറ്റേന്ന് രാവിലെ ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കറുകുറ്റിയിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ തങ്കപ്പന്, ഹരീഷ് എന്നിവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപ്രതിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യം വ്യാജമദ്യമാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചെങ്കിലും വെള്ളത്തൂവല്‍ പോലീസും എക്സൈസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷവസ്തുവായ മെഥനോള്‍ ചേര്‍ത്ത ഈഥൈല്‍ ആല്‍ക്കഹോളായ എഥനോളാണ് ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എഥനോള്‍ ഹോംസ്റ്റേയിലെത്തിച്ച് മനോജ് മോഹനെതിരെ അബ്കാരി ആക്ട് പ്രകാരം വെള്ളത്തൂവല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അപകടനില തരണം ചെയ്യാത്തതിനാല്‍ ആശുപത്രിയില്‍ കഴിഞ്ഞ 3 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു. തങ്കപ്പന്റെ സഹായിയായിരുന്നു അവിവാഹിതനായ ഹരീഷ്. 2 വര്‍ഷം മുന്‍പാണ് ചിത്തിരപുരത്ത് എത്തിയത്. കണ്ണൂരിലെ കെ.വി. തമ്പാന്റെയും പി.പി. ലളിതയുടെയും മകനാണ്. സഹോദരങ്ങള്‍- സുഭാഷ്, പ്രദീഷ്. മരിച്ച ഹരീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: