കൊച്ചി: സംസ്ഥാനത്ത് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സേവാഭാരതി എപ്പോഴും തയാറാണെന്ന് ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡി. വിജയന് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ ആവശ്യപ്പെടണം, കാരണം വിലക്കിയത് സര്‍ക്കാരാണ്, സര്‍ക്കാര്‍ സഹകരണമില്ലാതെ പ്രവര്‍ത്തനം സുഗഗമാകില്ല.
സേവാഭാരതിക്ക് സംസ്ഥാന ജനത ദുരിതത്തിലാകുന്നത് നോക്കി നില്‍ക്കാനാവില്ല. നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ധാരാവിയിലും ദല്‍ഹിയിലും ചെയ്ത കൊറോണ പ്രതിരോധ സേവനങ്ങള്‍ മാതൃകയാണ്. ഈ സേവനങ്ങള്‍ ദേശീയതലത്തില്‍ അനുമോദിക്കപ്പെട്ടപ്പോഴും ആരും പ്രചരിപ്പിച്ചില്ല; കേരള സര്‍ക്കാരിന്റെ അവാര്‍ഡ് വാര്‍ത്തയായി പക്ഷേ, സേവാഭാരതിക്ക് സേവനമാണ് പ്രധാനം, പ്രചാരണമല്ല.
കൊറോണയുടെ തുടക്കത്തില്‍ത്തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും സേവാ ഭാരതി സേവനത്തിന് അനുമതി ചോദിച്ചും സഹകരണം അറിയിച്ചും കത്തെഴുതി. ഒരാളും മറുപടി നല്‍കിയില്ല.
പക്ഷേ, സേവാഭാരതി ആരുടെയും അനുമതി കാക്കാതെ പ്രവര്‍ത്തിച്ചു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഭക്ഷണം കൊടുത്തും രക്തം ദാനം ചെയ്തും വയോജനങ്ങളെ ശുശ്രൂഷിച്ചും പ്രവര്‍ത്തിക്കുന്നു. ലോക്ഡൗണ്‍കാലത്ത് 4500 സേവാഭാരതി പ്രവര്‍ത്തകര്‍ രക്തം നല്കി.
ഇപ്പോള്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉന്നതര്‍, സാമൂഹ്യആരോഗ്യ പ്രവര്‍ത്തകര്‍ സേവാഭാരതിയോട് സഹായത്തിനിറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ മാത്രമാണ് പിന്തിരിഞ്ഞു നില്‍ക്കുന്നത്. അവര്‍ അഞ്ചുപേരില്‍ കൂടുതല്‍ സംഘടിക്കരുതെന്നു പറയുന്നതുപോലും സന്നദ്ധരെ തടയാനാണ്.
സര്‍ക്കാര്‍ സെക്രട്ടറിമാര്‍ രക്ഷാബന്ധന് തടയാനുള്ള ഉത്തരവുകള്‍ ഇറക്കാനാണ് ശ്രദ്ധിക്കുന്നത്. സേവാഭാരതി ഏതു നിമിഷവും സജ്ജമാണ്, അത്രമാത്രം അപകടകരമായ സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തു നില്ക്കുകയുമില്ല, ഡി. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: