ആലപ്പുഴ: ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ജി. സുധാകരന്. ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകള്‍ക്കും ശബരിമലയിലേക്കുള്ള മറ്റ് പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്കും 47കോടി രൂപയുടെയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന മറ്റ് 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്കി. ആകെ 225 കോടി രൂപയുടെ പദ്ധതി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മണ്ണാറകുളഞ്ഞി-പമ്പാ റോഡില്‍ ഈ വര്‍ഷമുണ്ടായ കാലവര്‍ഷക്കെടുതിയില്‍ പാറകളിലുണ്ടായ സ്ഥാനഭ്രംശം മൂലം വിള്ളലുണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികളും സ്വീകരിച്ചു. ഇവിടെ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശവും നല്കി. 9.25 കോടി രൂപ ചെലവില്‍ പ്ലാപ്പള്ളി-ഗവി റോഡ് നവീകരണവും പുരോഗമിക്കുന്നു.
മണ്ണാറക്കുളഞ്ഞി-ഇലവുങ്കല്‍, മണ്ണാറക്കുളഞ്ഞി-ചാലക്കയം എന്നീ ഭാഗങ്ങള്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ പുതിയ പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ട്. ഇലവുങ്കല്‍-ചാലക്കയം റോഡിന്റെ പുനര്‍നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: