കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാകും മുമ്പ് കാരാട്ട് ഫൈസല്‍ തലസ്ഥാനത്തുപോയി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടെന്ന് വിവരം. പാര്‍ട്ടിയുടെ എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയായ ഫൈസല്‍ ഇടപാടിലെ തര്‍ക്കം തീര്‍ക്കാനാണ് കൂട്ടുകച്ചവടത്തില്‍ പങ്കാളിയായ ബിനീഷ് കോടിയേരിയുടെ അച്ഛന് കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ ഫൈസല്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് സമ്മതിച്ചു. ഫൈസലിനെ അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യും. പിന്നീടുള്ള നടപടി സുപ്രധാനമാണ്.
പത്തുവര്‍ഷത്തോളമായി കാരാട്ട് ഫൈസല്‍ വിവിധ സ്വര്ണക്കടത്തുകളില് ശക്തമായ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതിയായി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത കെ.ടി. റമീസിന്റെ മൊഴിയിലാണ് ഫൈസലിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ബന്ധം തെളിഞ്ഞത്. റമീസുമായി ചേര്‍ന്ന് ഏറെക്കാലമായി ഒട്ടേറെ സ്വര്‍ണക്കച്ചവട ഇടപാടുകള്‍ ഫൈസല്‍ നടത്തിയിട്ടുണ്ട്.
മുസ്ലിം ലീഗില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായത് സിപിഎം നേതാക്കള്‍ വഴിയാണ്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വച്ച വ്യവസ്ഥ, റസാഖ് നടത്തിയിരുന്ന മുഴുവന്‍ സ്വര്‍ണക്കച്ചവട ബന്ധങ്ങളും ഒഴിയണമെന്നായിരുന്നു. അങ്ങനെ പാര്‍ട്ടിയുടെ അറിവോടെയും മധ്യസ്ഥതയോടെയും ഇടപാടുകള്‍ കാരാട്ട് ഫൈസല്വഴിയാക്കി. ഫൈസല്‍ അതോടെ റസാഖിന്റെ ബിനാമിയായി. പിന്നീട് ഫൈസലിന്റെ ഇടപാടുകളില്‍ ബിനീഷ് കോടിയേരി കൂട്ടാളിയുമായി. ഇവര്‍ക്ക് ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കൂട്ടു കച്ചവടമുണ്ട്. ഈ ബന്ധത്തിലാണ് 2013 ലെ ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ മിനികൂപ്പറില്‍ കോടിയേരി സഞ്ചരിച്ചത്.
തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടില്‍ ഫൈസല്‍ 10 കോടി രൂപ ഇറക്കിയിരുന്നു. ഈ പണവും റസാഖിന്റേതാണ്. കേസില്‍ പിടിയിലാകുമെന്നും ചോദ്യം ചെയ്താല്‍ കുറ്റമേല്‍ക്കാമെന്നും പണത്തിന്റെ ഉറവിടം പറയാതിരിക്കാമെന്നും റസാഖിനെ ഫൈസല്‍ അറിയിച്ചു. എന്നാല്‍, പിന്നീട് ഇതുവരെയുള്ള ഒരിടപാടിനും കണക്കു ചോദിക്കരുതെന്നാണ് വ്യവസ്ഥ വച്ചത്. ഈ വ്യവസ്ഥ റസാഖിന് സ്വീകാര്യമായില്ല. ഈ തര്‍ക്കത്തില്‍ ഇടപെടാനും മൊഴി നല്‍കുന്നതിന് മാര്‍ഗോപദേശം തേടാനുമായിരുന്നു സിപിഎം സെക്രട്ടറിയെ കണ്ടതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിവരം.
ഈ വിഷയത്തില്‍ ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടിരുന്നു. പക്ഷേ ഫലിച്ചില്ല. സിപിഎമ്മിനെ അനുകൂലിക്കുന്ന പഞ്ചായത്ത് മെമ്പര്‍ കൂടിയായ കാരാട്ട് ഫൈസലിനെ പക്ഷേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഫൈസലുമായി സമ്പര്‍ക്കത്തിനോ സൗഹാര്‍ദത്തിനോ പോലും മുന്‍ ചങ്ങാതിമാരും അടുക്കുന്നില്ല.
ഫൈസലിനെ പത്തു ദിവസത്തിനുള്ളില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. ഫൈസലിന്റെ ഫോണ്‍ ബന്ധങ്ങളും സന്ദേശങ്ങളും അടക്കം അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. പക്ഷേ, ഈ ഡിജിറ്റല്‍ തെളിവുകള്‍ സ്വന്തം ഫോണുകളില്‍നിന്ന് അയാള്‍ നശിപ്പിച്ചു. കസ്റ്റംസ് ആ രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികളിലാണ്. അതുകഴിഞ്ഞാവും അടുത്ത ചോദ്യം ചെയ്യല്‍. ഒപ്പം അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം.
ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരുവില്‍ ചോദ്യം ചെയ്യും
കൊച്ചി: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്കി. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഇഡിയുടെ ബെംഗളൂരുവിലെ ശാന്തിനഗര്‍ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അന്വേഷിക്കുന്ന ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ബിനീഷ് തനിക്ക് പണം നല്‍കിയതായും പറഞ്ഞിരുന്നു. അനൂപിന് പണം കടം നല്‍കിയിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുണ്ട്. ബിനീഷിനെ ഇഡി നേരത്തേ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: