ഇടുക്കി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) യുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാനുള്ള അവസരം വീണ്ടും നഷ്ടമായി. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപത ബോധ്യപ്പെട്ടതിനാലാണ് പുതിയ സീറ്റിലേക്ക് എംബിബിഎസ് വിദ്യാര്‍ത്ഥികളെ എടുക്കുന്നതടക്കം തടഞ്ഞുകൊണ്ട് എംസിഐ ഉത്തരവിറക്കിയത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിലിനും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച. എസിഐ ദേശീയ മെഡിക്കല്‍ കമ്മീഷനായി (എന്‍എംസി) മാറ്റിയതിനാല്‍ പുതിയ ചട്ടങ്ങളനുസരിച്ചുള്ള സൗകര്യങ്ങളും ആശുപത്രിയില്‍ ഇനി ഒരുക്കേണ്ടി വരും. ഇതോടെ പൊലിഞ്ഞത് പിന്നാക്ക ജില്ലയുടെ ഏറെക്കാലമായുള്ള മെഡിക്കല്‍ കോളേജ് എന്ന സ്വപ്നമാണ്.
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ആഗസ്റ്റ് 17ന് നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമായിരുന്നുവെന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്. കൃത്യമായ സമയത്ത് നിര്‍മ്മാണം നടത്താതെ വൈകിപിച്ച് അവസാനം ഒരുമിച്ച പണി തീര്‍ക്കാന്‍ നോക്കിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ 25ന് നടന്ന അവസാന ഹിയറിങ്ങിലും അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം, കിടക്ക, പരിശോധന സംവിധാനം, റേഡിയോളജി വിഭാഗം എന്നിവ അപര്യാപത്മാണെന്ന് കണ്ടെത്തലുണ്ട്. പഴയ ജില്ലാ ആശുപത്രിയുടെ കെട്ടിടമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അനുബന്ധ കെട്ടിടങ്ങളെല്ലാം നിര്‍മ്മാണ ഘട്ടത്തിലാണ്. കെട്ടിടങ്ങളിലേക്ക് എത്താന്‍ അപ്രോച്ച് റോഡില്ല, മലകള്‍ നിരഞ്ഞ പ്രദേശമായതിനാല്‍ യാത്ര വലിയ ബുദ്ധിമുട്ടാണെന്നും എംസിഐ ജനറല്‍ സെക്രട്ടറി ഡോ. ആര്.കെ. വാട്ട്സ് പറയുന്നു.
മൂന്ന് പേജുള്ള ഉത്തരവില്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും കൃത്യമായ മറുപടി പോലും നല്ക്കാന് അധികൃതര്‍ തയ്യാറായില്ലെന്നും പറയുന്നുണ്ട്. കഴിഞ്ഞ ജനുവരി 15ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് എംസിഐ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. ഫെബ്രുവരി 13ന് മറുപടി വന്നെങ്കിലും ഇത് അംഗീകാരം നല്കാന് മാത്രം തൃപ്തികരമല്ലായെന്ന് ഏജന്‍സി കണ്ടെത്തി. 16ന് വീണ്ടും ഇത് പോയിന്റാക്കി തിരിച്ച് വിശദമായ മറുപടി നല്കാന് 10 ദിവസം അനുവദിച്ചു. എന്നാല്‍ ഇതിന് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി പോലും ലഭിച്ചില്ല. വീണ്ടും ജൂണ്‍ 4ന് എംസിഎ കത്തയച്ചെങ്കിലും ഇതിന് മറുപടിയായ 12ന് ലഭിച്ച മറുപടിയും തൃപ്തികരമായിരുന്നില്ല.
കൊറോണ ആയതിനാല്‍ സെപ്തംബര്‍ 16ന് വീഡിയോ കോണ്‍ഫറന്‍സ് വഴി തങ്ങളുടെ വിശദീകരണം നല്കാന് മെഡിക്കല്‍ കോളേജ് അധകൃതര്ക്ക്് അവസരം നല്‍കിയെങ്കിലും ഇതും ഫലം കണ്ടില്ല. പിന്നാലെയാണ് 202-21 അക്കാദമിക്ക് വര്‍ഷത്തെ 50 എംബിബിഎസ് സീറ്റിലേക്കുള്ള പ്രവേശനം അടക്കം റദ്ദാക്കിക്കൊണ്ട് നടപടി വരുന്നത്. അടുത്ത വര്‍ഷം എല്ലാ സൗകര്യങ്ങളും ഒരുക്കി വീണ്ടും അംഗീകാരത്തിനായി അപേക്ഷ നല്‍കാമെന്നും ഉത്തരവിലുണ്ട്.
2014ല്‍ അന്നത്തെ വലത് മുന്നണി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി പ്രഖ്യാപിക്കുകയായിരുന്നു. 2017ല്‍ എംസിഐ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കണ്ടെത്തിയതോടെ അംഗീകാരം പുതുക്കി നല്‍കാതെ വരികയും പിന്നാലെ ഇവിടെ ഒരു വര്‍ഷത്തോളം പഠിച്ച 51 എംബിബിഎസ് വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇടത് സര്‍ക്കാര്‍ തങ്ങളുടെ വികസനം കൊട്ടിഘോഷിക്കുമ്പോഴും മലയോര ജനത അടിയന്തര ആവശ്യങ്ങള്‍ക്കടക്കം കോട്ടയം, തേനി മെഡിക്കല്‍ കോളേജുകളെ ആണ് ഇപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: