പത്തനംതിട്ട:പാലാരിവട്ടം പാലത്തിന്റെ നവീകരിച്ച മേൽത്തട്ട് വീണ്ടും തകർക്കേണ്ടി വന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌വർഗീസ് കണ്ണമ്പള്ളി .2019 മേയ് 1ന് പാലാരിവട്ടം മേല്പാലം അടപ്പിക്കുകയും കരാറുകാരനെ കൊണ്ട് 2.5 കോടി രൂപ ചെലവഴിപ്പിച്ച്‌മേൽത്തട്ട് നവീകരിപ്പിക്കുകയും ചെയ്തത് മന്ത്രി ജി.സുധാകരൻ ചെയർമാനായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്.ചെന്നൈ ഐ.ഐ.ടിയുടെയും പൊതുമരാമത്ത്‌വകുപ്പിന്റെയും മേൽനോട്ടവും ഉണ്ടായിരുന്നു.മന്ത്രി സുധാകരൻ നേരിട്ട് പണികൾ പരിശോധിച്ചിരുന്നു.
നവീകരിച്ച മേൽത്തട്ടിൽ ഐ.ആർ.സി മാനദണ്ഡങ്ങളനുസരിച്ച് ഹെവി മെഷിനറികൾ ഉപയോഗിച്ച് ബി.എം.ബി.സി ടാറിംങും നടത്തി.പാലം അടപ്പിക്കുന്നതിനു മുൻപ് പുനരുദ്ധാരണം സംബന്ധിച്ച് പൂർണ്ണ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ മേൽത്തട്ടും ടാറിങും നശിപ്പിക്കേണ്ടി വരില്ലായിരുന്നു.റോഡ്‌സ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥത മാത്രമാണ് ഈ നഷ്ടത്തിന് കാരണം.
കരാർ വ്യവസ്ഥകളുടെ പരിധിയിൽ നിന്നു മാത്രമേ കരാറുകാരനിൽ നിന്നും വൈകല്യ ബാദ്ധ്യത ഈടാക്കാനാവൂ.അംഗീകൃത രൂപരേഖയിലും അടങ്കലിലും മാറ്റം വരുത്തി മറ്റൊരു ഏജൻസിയെ കൊണ്ട് ചെയ്യിക്കുന്ന ജോലികൾക്ക് പണം നൽകാൻ കരാറുകാരന് ബാദ്ധ്യതയില്ല.നിർമ്മാണത്തിലെ മുഴുവൻ അപാകതകളും കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കാൻ തയ്യാറായ കരാറുകാരന്റെ ചെലവിൽ പാലം പുനരുദ്ധരിക്കുന്നതിനു പകരം നിയമവിരുദ്ധമായി കരാറുകാരനിൽ നിന്നും പണം ഈടാക്കാൻ ശ്രമിക്കുന്നത് അന്യായമാമാണെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: