പണ്ട് പഠിച്ച സ്‌കൂളില്‍
വര്‍ഷങ്ങള്‍ക്കു ശേഷം പോയിട്ടുണ്ടോ?
സ്‌കൂളിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നും
മൈതാനം മെലിഞ്ഞതുപോലെ തോന്നും
ഈ ടീച്ചര്‍മാരാണോ നമ്മളെ പഠിപ്പിച്ചിരുന്നത്
എന്ന് ആശ്ചര്യപ്പെടും.
ടീച്ചര്‍മാര്‍ക്ക് അന്നത്തെ ഭംഗിയും
ഇന്നത്തെ നമ്മുടെ അറിവുമില്ലല്ലോ എന്നോര്‍ത്ത്
നിരാശപ്പെടും
നമ്മള്‍ നടന്ന ഇടനാഴികള്‍-ഇരുന്ന ബെഞ്ചുകള്‍
കൈ കഴുകിയ പൈപ്പിന്‍ ചുവടുകള്‍
എല്ലാം അതുപോലെ തന്നെ.
ഇല്ലാത്ത ഒന്നുണ്ട്.
ലാസ്റ്റ് ബെല്ലടിക്കുമ്പോള്‍
നമ്മളെ ഒന്നാഴത്തില്‍ നോക്കി
പുസ്തകം നെഞ്ചില്‍ ചേര്‍ത്ത് പുറത്തേക്ക് പായുന്ന
പച്ചപ്പാവാടയിട്ട ഓര്‍മകള്‍.
നാം മുട്ടുകുത്തി നിന്ന ഇടങ്ങളില്‍
പരതിയാല്‍ കാണാം
വീണു കിടക്കുന്ന നിശ്വാസങ്ങള്‍, ഒരു വളപ്പൊട്ട്.
അവര്‍ തൊട്ട് വിശുദ്ധമായ ചോക്കിന്‍ കഷ്ണങ്ങള്‍
അവര്‍ക്ക് തല്ലു കൊണ്ടപ്പോള്‍ നമ്മള്‍
വേദനിച്ചതിന്റെ നൊമ്പരങ്ങള്‍
അവരിപ്പോള്‍ എവിടെയാണ്.
നമ്മളെ ഓര്‍ക്കാത്ത
നാം മാത്രം ഓര്‍ക്കുന്ന
ആ സഹപാഠികള്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: