വെള്ളിയാഴ്ച അവധി ദിനത്തില്‍ എല്ലാവരും മൂടിപ്പുതച്ചുറങ്ങുമ്പോള്‍, അതിരാവിലെ എഴുന്നേറ്റ് വീട്ടുകാര്യങ്ങളൊക്കെ കഴിച്ച്, ആശുപത്രിയിലേക്ക് പോവുകയെന്നത് ഒരു ശ്രമകരമായ ജോലിതന്നെയാണ്. ആലസ്യമെന്ന പുതപ്പ് മാറ്റി എന്നിലെ കര്‍ത്തവ്യബോധമുള്ള മാലാഖയുണര്ന്നു. തൂവെള്ള വസ്ത്രം ധരിച്ച് കര്‍മമണ്ഡലത്തിലേക്ക് ഇറങ്ങി.
വെള്ളിയാഴ്ച ആയതിനാലാവാം തിരക്ക് കുറവാണ് ആശുപത്രിയില്‍. പിന്നെ ഒരു കാര്യം, ഞാന്‍ ജോലി ചെയ്യുന്നത് സാധാരണ ആശുപത്രിയിലല്ല. ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടിലെ മനസ്സ് നീറുന്നവര്‍ക്ക് അഭയം നല്കുന്ന ആതുരാലയത്തിലാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്താശുപത്രി തന്നെ. പിന്നെ നിങ്ങള്‍ ചിരിക്കേണ്ട. എനിക്ക് ഭ്രാന്തൊന്നുമില്ല കേട്ടോ. പക്ഷേ ചില ഉന്മാദങ്ങള് എന്നെയെപ്പോഴും കീഴടക്കാറുണ്ട്. അത് എഴുത്തിന്റെയും വായനയുടെയും സൗഹൃദങ്ങളുടെയുമൊക്കെ രൂപത്തിലാണ് പിന്തുടരാറ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവാസം എന്നിലെ എഴുത്തും വായനയെയും കവര്‍ന്നെടുത്തുവെന്നു തന്നെ പറയാം. എന്നിരുന്നാലും എന്നില്‍ എപ്പോഴും പൂത്തുലഞ്ഞു നില്ക്കുന്ന സൗഹൃദമുണ്ടായിരുന്നു. അങ്ങനെ പൂവിട്ട ഒരു ചങ്ങാത്തത്തിന്റെ ഓര്‍മകള്‍ എനിക്ക് നിങ്ങളോട് പങ്കിട്ടേ മതിയാവൂ.
രാവിലെ ഡോക്ടറോടൊപ്പമുള്ള പതിവ് റൗണ്ട്സിലാണ് പതിമൂന്നാം നമ്പറിലെ പുതിയ മുഖത്തെ ശ്രദ്ധിച്ചത്. വാത്സല്യം തുളമ്പുന്ന, ദയനീയ മുഖമുള്ള മുപ്പത് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരന്. അലക്ഷ്യമായി വളര്‍ത്തിയ താടി രോമങ്ങള്‍, കുഴിഞ്ഞ കണ്ണുകള്‍, അസ്വസ്ഥമായ ഭാവപ്രകടനങ്ങള്‍. പക്ഷേ ഞാന്‍ മലയാളി നഴ്സാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്റെ മുഖത്ത് മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം. പക്ഷേ കുടുതല്‍ ശ്രദ്ധിക്കാതെ അടുത്ത രോഗിയെ ലക്ഷ്യമാക്കി ഞാന്‍ നടന്നകന്നു.
പിന്നീട് ജോലിത്തിരക്കിലും വീട്ടിലും നിരാശനായ ആ ചെറുപ്പക്കാരന്റെ നിസ്സംഗത നിറഞ്ഞ നോട്ടം എന്നെ എന്തിനെന്നില്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. ആ കണ്ണുകള്‍ എനിക്ക് ചിരപരിചിതമായ ഏതോ ഒരു മുഖത്തോട് സാമ്യമുണ്ടോ? ഹേയ് വെറും തോന്നലായിരിക്കാമെന്ന് പറഞ്ഞ് മനസ്സിനെ സമാധാനിപ്പിച്ചു.
ചിന്തകള്‍ കാട് കയറാതെ നാലഞ്ച് ദിവസങ്ങള്‍ തള്ളി നീക്കി. മനഃസാക്ഷിയൂണര്ത്തിയ ചോദ്യങ്ങള്‍ക്കൊടുവില്‍ വീണ്ടും ഞാന്‍ അവന്റെ മുറിയിലേക്ക് കടന്നെത്തി. ആ ദിവസം ഏതാണ്ട് രണ്ട് മണിക്കുറോളം അവനിലെ ഭൂതകാലം തേടിയിറങ്ങി.
അവന്റെ നാടും വീടും ചോദിച്ചറിഞ്ഞപ്പോള്‍ എന്റെ നാട്ടുകാരന്! ഞങ്ങള്‍ ആലപ്പുഴക്കാര് മാത്രമല്ല, മാവേലിക്കരക്കാര്‍!! അപ്പോള്‍ ഞാനവനോട് ഗോവിന്ദന് മാഷിനെ അറിയുമോയെന്ന് ചോദിച്ചു. പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടേപ്പോള്‍ അവന് ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരയാന്‍ തുടങ്ങി. ആ സങ്കടമഴയില്‍ ഞാനും നനഞ്ഞു. കണ്ണീര് ഒഴുക്കിയില്ലെങ്കിലും നെഞ്ചകം വല്ലാതെ നീറി. ഒടുവിലെന്റെ ചോദ്യങ്ങള്‍ക്ക് അവന് ഗോവിന്ദന് മാഷിന്റെ മകനാണെന്ന് കണ്ടെത്താനായി. ബാല്യ കൗമാരങ്ങളില്‍ എന്റെ പ്രിയപ്പെട്ട അധ്യാപകന്. എന്നില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയറ്റങ്ങള്‍ സൃഷ്ടിച്ച നിമിഷങ്ങളായിരുന്നു അത്.
ഞാനവനെ ചേര്‍ത്തു പിടിച്ച് കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറായി. ദുഃഖകാരണങ്ങള്‍ ഒരോന്നായി അവനില്‍ അണപൊട്ടിയൊഴുകി. ഗോവിന്ദന് മാഷിന്റെ മരണത്തോടെ ഛിന്നഭിന്നമായ കുടുംബം, രോഗബാധിതയായ അമ്മ, മുത്ത സഹോദരി പ്രണയിച്ചവന്റെ കൂടെ നാടുവിട്ട് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര. നിസ്സഹായരായ രണ്ട് സഹോദരിമാരെ പഠിപ്പിക്കണം, കെട്ടിക്കണം ചുമതലകളേറെ.
ഉത്തരവാദിത്വബോധമുള്ള സഹോദരനായി പ്രവാസക്കുപ്പായമണിഞ്ഞ് കടല്‍ കടന്ന് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കാന്‍ മാത്രം വിധിക്കപ്പെട്ട ആയിരങ്ങളില്‍ ഒരാളാണ് ഇന്നന്റെ മുന്നിലിരുന്ന് കരയുന്നത്.
നഷ്ടങ്ങളുടെ പട്ടികയ്ക്ക് നീളം കൂട്ടുവാന്‍ പ്രണയിച്ച പെണ്ണ്, ഏട്ട് വര്‍ഷത്തോളം കാത്തിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ച് അവളുടെ വഴി തേടി. എട്ടുവര്‍ഷത്തിനിടയില്‍ ഒരു മാസം പോലും നാട്ടില്‍ അവധിക്കു പോകാതെ ഒഴിവു ദിനങ്ങളില്‍ പോലും ചോര നീരാക്കി ജോലിയെടുത്ത് കുടുംബത്തിന് താങ്ങായവന്‍. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കു പോലും നാട്ടില്‍ പോവാന്‍ പറ്റാത്ത കടക്കാരനായ മകന്.
സഹോദരിമാരെ കെട്ടിച്ചു. വീട് പുതുക്കി പണിതു. അവരൊക്കെ അവരുടെ ജീവിതങ്ങളില്‍ മുഴുകിയപ്പോള്‍ ക്രമേണ അവന് ഒറ്റപ്പെടലിന്റെ വേദന അറിയാന്‍ തുടങ്ങി. തന്റെ സ്നേഹ സാമീപ്യത്തെക്കാള്‍ മാസാമാസം അയച്ചു കൊടുക്കുന്ന പണത്തിന് മാത്രമാണ് അവര്‍ വില കല്‍പ്പിച്ചത്. ഒറ്റപ്പെടലും കഠിനാദ്ധ്വാനവും അവനെ ശാരീകമായി മാത്രമല്ല തളര്‍ത്തിയത്. വിഷാദങ്ങളുടെ താഴ്വാരങ്ങളില് ഒറ്റപ്പെട്ടു പോയ ഒരു കുഞ്ഞാടാക്കി മാറ്റുകയും ചെയ്തു.
വിഷാദം കനലായെരിയുമ്പോള്‍ അവന് സ്വയം നീറി. ലേബര്‍ ക്യാമ്പിലെ തന്റെ കുടുസ്സു മുറിക്കുള്ളില്‍ ജോലിക്ക് പോവാതെ, പുറം ലോകവുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച് സ്വയമൊരു വാല്മീകം സൃഷ്ടിച്ച് അതില്‍ മൂകനായി കഴിഞ്ഞു. സഹനത്തിന്റെ മതില് കെട്ടുകള്‍ തകര്‍ന്ന നേരത്ത് ഉള്ള ജോലിയും നഷ്ടമായി. രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട് ആശുപത്രിയില്‍ അഭയം പ്രാപിച്ചവനെ മെന്റല്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. അങ്ങനെയാണ് ഇവിടുത്തെ പതിമൂന്നാം നമ്പര്‍ മുറി അവന് സ്വന്തമായത്.
ഇതൊക്കെ കേട്ടപ്പോള്‍ എന്റെ മനസ്സ് മാത്രമല്ല ശരീരത്തിലെ ഓരോ കോശങ്ങളും സങ്കടംകൊണ്ടു നിറഞ്ഞു. ആ നിമിഷങ്ങളില്‍ ഞാനവന് ഒരു ചേച്ചിയായി മാറി.
”മോനെ നിന്നെ കാത്തിരിക്കുന്ന ഒരു മാലാഖ കുഞ്ഞ് ലോകത്തിന്റെ മറ്റൊരു കോണിലുണ്ട്. നീ ഗോവിന്ദന് മാഷിന്റെ മോനാണ്. നുറുക്കണക്കിന് കുട്ടികള്‍ക്ക് വഴിതെളിച്ച നന്മയുടെ ആല്‍മരമാണ് ആ മനുഷ്യന്. നീ തളരരുത്. നിനക്ക് യാതൊരു അസുഖവുമില്ല. ചേച്ചി നിന്റെ എല്ലാ പേപ്പറുകളും നോക്കി. ഒരു കുഴപ്പവുമില്ല. നീ നീയായ് ജീവിക്കണം. നിന്റെ കയ്യൊപ്പ് ഈ ഭൂമുഖത്ത് വേണം. നിന്റെ വിഷമങ്ങള്‍ മാറുന്നതുവരെ നിനക്ക് ഞങ്ങളോടൊപ്പം എന്റെ വീട്ടില്‍ കഴിയാം. ഞാന്‍ ചേട്ടനോട് പറഞ്ഞിട്ടുണ്ട് കാര്യങ്ങളൊക്കെയും.”
ഇത്രയും കേട്ടപ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണില്‍ ആകാശഗംഗയിലെ സര്‍വ്വ നക്ഷത്രങ്ങളും ഒന്നിച്ച് തെളിഞ്ഞതായി ഞാന്‍ കണ്ടു. എനിക്കുറപ്പുറണ്ട് അവന് വാല്മീകം തകര്‍ത്ത് വരും, ഈ കെട്ട കാലത്തില്‍ പ്രതീക്ഷയുടെ കയ്യൊപ്പ് പതിക്കുവാനായി വരികതന്നെ ചെയ്യും.
കഥ പറഞ്ഞ് നേരം പോയതറിഞ്ഞില്ല.. അടുത്ത സെല്ലില്‍ പുതിയൊരാള് വന്നിട്ടുണ്ട്. അങ്ങോട്ട് പോവാന്‍ സമയമായി. ഇടയ്ക്ക് വരാം, മറ്റൊരു ജീവിതം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: