കൊല്ലം: വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടതുസര്‍ക്കാരിന്റെ കാപട്യത്തില്‍ പ്രതിഷേധിച്ച് സ്വകാര്യകശുവണ്ടിവ്യവസായികള്‍ അന്തിമസമരത്തിലേക്ക്. കാഷ്യുകോര്‍പ്പറേഷനും കാപ്പക്സിനും കൃത്യമായി സാമ്പത്തിക സഹായം നല്‍കുകയും സ്വകാര്യമേഖലയ്ക്ക് പ്രഖ്യാപനം മാത്രം നല്‍കുകയും ചെയ്യുന്ന നിലപാടാണ് കശുവണ്ടി വ്യവസായ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കാഷ്യു ഇന്‍ഡസ്ട്രി പ്രമോഷന് കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
ആകെ 15000 പേരാണ് കാപ്പക്സിലും സിഡിസിയിലുമായി തൊഴിലാളികള്‍. സ്വകാര്യമേഖലയിലാണ് മൂന്നരലക്ഷത്തോളം പേരുള്ളത്. അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ തങ്ങളെ കൈപിടിച്ചുയര്‍ത്താനും വ്യവസായത്തെ രക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജില്ലയില്‍ നൂറുകണക്കിന് കശുവണ്ടണ്ടിഫാക്ടറികളുടെ ഉടമകള്‍ കടക്കെണിയിലാണ്. എന്‍പിഎ ആയ വ്യവസായികളുടെ മേല്‍ ബാങ്കുകള്‍ നിര്‍ദാഷിണ്യം നടപടിയെടുത്തതോടെ നാലര വര്‍ഷത്തിനിടയില്‍ 5 മുതലാളിമാരാണ് ജീവനൊടുക്കിയത്.
പിടിച്ചെടുക്കുന്ന കോടികള്‍ വിലയുള്ള വസ്തുവകകള്‍ മാര്‍വാഡികള്‍ക്ക് വിറ്റുമാറുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പരാതിപ്പെട്ടാലും ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് സഹിക്കാനാകില്ല. വെറും പ്രഖ്യാപനങ്ങളും ആശ്വാസവാക്കുകളും കൊണ്ടണ്ട് നാലരവര്‍ഷം തള്ളിനീക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
സിഡിസിക്കും കാപ്പക്സിനും 150 കോടി രൂപ നല്കിയപ്പോള് മൂന്നുബഡ്ജറ്റിലായി സ്വകാര്യമേഖലക്ക് 63 കോടി രൂപ സഹായം പ്രഖ്യാപിച്ചതല്ലാതെ നല്‍കിയില്ല. ഈ സര്‍ക്കാരിന്റെ തൊഴിലാളിസ്നേഹം കാപട്യമാണ്. അല്ലായിരുന്നെങ്കില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുകൂടി ജോലി ലഭിക്കുംവിധം കേന്ദ്രവുമായി ബന്ധപ്പെട്ട് ഉത്തേജന നടപടികള്‍ വേഗത്തിലാക്കിയേനെ.
2000 കോടി രൂപയുടെ സാമ്പത്തികപാക്കേജ് ഇതുവരെയും ഇടതുസര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. 2000 കോടിയുടെ പാക്കേജ് ലഭ്യമാക്കുന്നതിന് പകരം കോവിഡ് കാലത്തുപോലും കശുവണ്ടി വ്യവസായികളെ ബാങ്കുകള്‍ പിന്നില്‍നിന്നും കുത്തുകയാണ്. സ്റ്റേറ്റ് ലെവല്‍ ബാങ്ക് കമ്മിറ്റിയില്‍ നിന്നും പല സഹായങ്ങളും ലഭ്യമാകാത്തതിന് പിന്നില്‍ കണ്‍വീനര്‍ സ്ഥാനത്തുള്ള കാനറ ബാങ്കിന്റെ മയമില്ലാത്ത നിലപാടുകളാണ്. അതിനാല്‍ അവരെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും കൗണ്‍സില്‍ പ്രസിഡന്റ് ഡി. മാത്യുകുട്ടിയും സെക്രട്ടറി ഷിക്കാറും ആവശ്യപ്പെട്ടു.
കാഷ്യു ഇന്‍ഡസ്ട്രി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമരം 5ന്
കശുവണ്ടി വ്യവസായികളെയും വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 5ന് രാവിലെ 11ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടന സമരം സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സമരം.
അതിജീവനത്തിനുള്ള വായ്പാസഹായത്തിന് അവസാന അത്താണിയായ ബാങ്കുകള്‍ വ്യവസായിവിരുദ്ധ നിലപാടുകളാണ് തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ മരണംവരെ സത്യഗ്രഹമിരിക്കാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: