ആലുവ: നാണയം വിഴുങ്ങിയ മൂന്നുവയസുകാരന് പൃഥ്വിരാജിന്റെ യഥാര്‍ഥ മരണ കാരണം കണ്ടെത്തണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയിരുന്ന അനിശ്ചിതകാല സത്യാഗ്രഹം താത്കാലികമായി അവസാനിപ്പിച്ചു.
എസ്സിഎസ്ടി വകുപ്പ് ഡയറക്ടര്‍ പി.വൈ. ശ്രീവിദ്യയുടെ നിര്‍ദേശാനുസരണം സമരകേന്ദ്രത്തിലെത്തിയ പട്ടികജാതി പട്ടികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോണ്‍ വിഷയത്തില്‍ അനുകൂലമായി ഇടപെടാമെന്ന് നന്ദിനിക്കും ബന്ധുക്കള്‍ക്കും ഉറപ്പ് നല്കി. അന്‍വര്‍ സാദത്ത് എംഎല്‍എ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പട്ടികജാതി പീഡന വിരുദ്ധ നിയമത്തിന്റെ സംരക്ഷണം ഉറപ്പാക്കും, നന്ദിനിക്ക് പട്ടികജാതിപട്ടികവര്‍ഗ വകുപ്പില്‍ താല്‍ക്കാലിക ജോലി, ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട്, കുട്ടിയുടെ ചികിത്സക്ക് ചെലവായ തുക വകുപ്പ് നല്‍കും എന്നീ കാര്യങ്ങളിലാണ് ധാരണയായത്.
എന്നാല്‍, സംസ്ഥാന പട്ടികജാതി വകുപ്പ് ഇടപെട്ടതും കൊറോണ വ്യാപന പശ്ചാത്തലത്തിലുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സുനില്‍ സി. കുട്ടപ്പന് പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള മെഡിക്കല്‍ ബോര്‍ഡില്‍ ആക്ഷന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നയാളെ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രണ്ട് നാണയങ്ങള്‍ കണ്ടെടുത്തെങ്കിലും മരണകാരണം നാണയമല്ലെന്ന് സൂചിപ്പിച്ചിരുന്നു. ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ ശ്വാസംമുട്ടാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുറ്റക്കാരെ രക്ഷിക്കാനാണെന്ന് ആരോപിച്ചാണ് മാതാവും ബന്ധുക്കളും സമരമാരംഭിച്ചത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.എന്‍. ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തില്‍കുമാര്‍ എന്നിവരും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: