Categories: Ernakulam

ഇന്ന് ലോക മൃഗദിനം: നാല്‍ക്കാലികളേ നിങ്ങള്‍ക്ക് ഇവരുണ്ട്

മട്ടാഞ്ചേരി: ഉടമകള്‍ ഉപേക്ഷിച്ചാലും നാല്‍ക്കാലികള്‍ക്ക് കൊച്ചിയിലൊരു പരിപാലനകേന്ദ്രമുണ്ട്. ധ്യാന്‍ ഫൗണ്ടേഷന്റെ മൃഗ പരിപാലന കേന്ദ്രം. അവര്‍ക്ക് സംരക്ഷകരായി ദമ്പതികളും.

ജൂതനഗരിയിലെ ഒഴിഞ്ഞ പാണ്ടികശാലകളിലൊന്നാണ് ധ്യാന്‍ ഫൗണ്ടേഷന്‍  മൃഗ പരിപാലന കേന്ദ്രം. ഗുജറാത്തികളായ ദിനേഷ് ഷായും പത്‌നി ഉഷ്മയുമാണ് മേല്‍നോട്ടക്കാര്‍. സഹായിക്കാന്‍ മൂന്ന് വടക്കേയിന്ത്യന്‍ തൊഴിലാളികളും.

രാവിലെ ഏഴിന് തുടങ്ങുന്ന മൃഗസംരക്ഷണ പ്രവര്‍ത്തനം ചിലപ്പോള്‍ രാത്രി 12 വരെ തുടരുമെന്ന് ഉഷ്മ പറയുന്നു. കൊച്ചി നഗരിയില്‍ ബിസിനസുള്ള ദിനേശ് ഷാ ഏട്ട് വര്‍ഷം മുമ്പ് വീട്ടില്‍ തുടങ്ങിയ പരിപാലന കേന്ദ്രം നാല് വര്‍ഷംകൊണ്ട് വിപുലമായി.

ഉപേക്ഷിക്കപ്പെട്ട എണ്‍പതോളം തെരുവുനായകളാണ് ഇവിടെയുള്ളത്. വീടുകളില്‍ വളര്‍ത്തി രോഗശയ്യയിലാകുമ്പോള്‍ തെരുവിലുപേക്ഷിക്കപ്പെട്ട മുന്തിയ നായകള്‍ വരെയുണ്ട്. കടിപിടിക്കൂടി വ്രണം ബാധിച്ചവര്‍, അസ്ഥി അര്‍ബുദം ബാധിച്ചവ, എല്ലൊടിഞ്ഞവ, കണ്ണു കാണാത്തവര്‍ തുടങ്ങി ശുശ്രൂഷ വേണ്ട നായകളടക്കമുള്ളവയാണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. പ്രത്യേക കൂട്ടുകളുമായി ചോറും, പാലും, മുട്ടയുമാണിവര്‍ക്ക് ഭക്ഷണം. ഇടയ്‌ക്കിടെ കുടിവെള്ളവും നല്‍കും. ഒപ്പം ഡോക്ടറുടെ പരിശോധനയുമുണ്ട്.

ശുചിത്വമാര്‍ന്ന സംവിധാനത്തിലുള്ള കെട്ടിടത്തിലാണ് തെരുവുനായ സംരക്ഷിത കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നായകളെ കൂടാതെ പത്തോളം പൂച്ചകള്‍, ഏട്ട് പശുകിടാക്കള്‍, നാല് പശുക്കള്‍ തുടങ്ങിയവ കൊച്ചിയിലെ പരിപാലന കേന്ദ്രത്തിലുണ്ട്. പത്തനംതിട്ട, തൃപ്പയാര്‍, കാക്കനാട് എന്നിവിടങ്ങളില്‍ ഗോശാലകളും തൃശൂരില്‍ മറ്റൊരു നായ പരിപാലന കേന്ദ്രവുമുണ്ട് ഇവര്‍ക്ക്. ഡോ: പ്രസന്‍ പ്രഭാകര്‍ നേതൃത്വം നല്‍കുന്ന ധ്യാന്‍ ഫൗണ്ടേഷന്റെ നിശബ്ദമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് മൃഗപരിപാലന കേന്ദ്രങ്ങള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: kochiAnimal