തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍. ഓരോ ജില്ലകളിലേയും കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് 144 ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോഡ് ഈ മാസം ഒമ്പത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം ആയിരിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അമ്പത് പേര്‍ക്കും സംസ്കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.
സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കടകളില്‍ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും.
കണ്ടെയ്ന്മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും.
പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ സാധിക്കില്ല. ഇത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
വെള്ളിയാഴ്ച നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് 144 പ്രഖ്യാപിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: