ഒഹായോ: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഇരട്ടകുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഒഹായോ ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ്. ഒഹായൊ റിവര്‍ സൈഡ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ രക്തസ്രാവവുമായാണ് അമാന്റാ ഫൈന്‍ ഫ്രോക്ക് എത്തിയത്. ഇരട്ട കുട്ടികളെ പ്രസവിക്കുന്നതിനാവശ്യമായ യാതൊരു സൗകര്യവും ആശുപത്രി അധികൃതര്‍ ചെയ്തില്ല എന്ന് അമാന്റാ പറഞ്ഞു. മാത്രമല്ല പ്രസവിച്ച കുട്ടികളുടെ ജീവന് സംരക്ഷിക്കാന്‍ ആരും തയാറായില്ലെന്നും അവര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിയ അമാന്റയുടെ ആദ്യ കുഞ്ഞിനു ജന്മം നല്കുമ്പോള് സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും എത്തിയില്ല. കുട്ടിക്ക് ജീവന് ഉണ്ടായിരുന്നതായും കുട്ടിയെ താന്‍ മാറോടണച്ചു പിടിച്ചുവെന്നും അമാന്റാ പറഞ്ഞു. തുടര്‍ന്ന് ആദ്യ കുട്ടിയേക്കാള്‍ വലിപ്പമുള്ള രണ്ടാമത്തെ കുഞ്ഞും, പ്രസവിക്കുമ്പോള്‍ കരഞ്ഞിരുന്നതായും എന്നാല്‍ ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രസവിക്കുമ്പോള്‍ 22 ആഴ്ചയും 5 ദിവസവും വളര്‍ച്ചയുണ്ടായിരുന്ന കുട്ടികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ കെയര്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇരുവരെയും നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. 2017 ല്‍ നടന്ന സംഭവത്തില്‍ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് ഡിപ്പാര്‍ട്ട്മെന്റ് ആശുപത്രിക്കെതിരെ അന്വേഷണത്തിനുത്തരവിട്ടത്. സംഭവത്തില്‍ സിവില്‍ റൈറ്റ്സ് ലംഘനമോ, ആശുപത്രി അധികൃതരുടെ ഭാഗത്തു വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് അമാന്റാ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: