ആറന്മുള: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനം നല്കി കോടികളുടെ വായ്പാത്തട്ടിപ്പ്. നിരവധി പേര്‍ക്ക് സബ്സിഡിയോടെ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് നൂറുകണക്കിനു പേരില്‍ നിന്നായി കോടികള്‍ പിരിച്ചത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.
ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം വരെ വായ്പ. തിരിച്ചടയ്ക്കേണ്ട തുകയില്‍ 35 ശതമാനം വരെ സബ്സിഡി എന്നിവ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പ്രത്യേകതകളാണ്. സാധാരണക്കാരെ വേഗത്തില്‍ ആകര്‍ഷിക്കുന്ന ഈ ഘടകങ്ങളാണ് തട്ടിപ്പിനു ഉപയോഗിച്ചത്. വായ്പ തരപ്പെടുത്താന്‍ പ്രാരംഭ പ്രവൃത്തികള്‍ക്ക് 15,000 രൂപ മുതല്‍ 20,000 വരെ പിരിച്ചു. 2019 ആഗസ്റ്റിലായിരുന്നു തുടക്കം. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, സംസ്ഥാന വ്യവസായ വകുപ്പ് , ഖാദി കമ്മീഷന് എന്നിവ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചാണ് വായ്പ നല്‍കിവരുന്നത്. ഖാദി ഓഫീസുകളില്‍ ലോണ്‍ അപേക്ഷയ്ക്കായി എത്തുന്നവരെ ബോര്‍ഡ് ജീവനക്കാര്‍ ഇടനിലക്കാരുടെ അടുത്തേക്ക് പറഞ്ഞു വിടുന്നതാണ് തട്ടിപ്പിന് വഴിമരുന്നിടുന്നത്.
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലാണ് തട്ടിപ്പ്,തിരുവനന്തപുരം പൂവാര്‍ സ്വദേശികളായ രണ്ടുപേരാണ് സൂത്രധാരന്മാര്. പത്തനംതിട്ട വെച്ചൂച്ചിറയില്‍ മാത്രം 35 പേര്‍ക്ക് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമണ്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായത് സ്ത്രീകളും കുറഞ്ഞ വരുമാനക്കാരുമാണ്. പത്തനംതിട്ടയില്‍ മാത്രം നാലുകോടി രൂപയുടെ തട്ടിപ്പ് ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഖാദി ബോര്‍ഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: