ഏതൊരു മഹാത്മാവിന്റെയും ഉചിതമായ സ്മരണകള്‍ നിലനിര്‍ത്തുന്നത് അവര്‍ മുന്നോട്ടു വെച്ച ജീവിതാദര്‍ശങ്ങള്‍ പുതിയ തലമുറ മനസിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ ‘ഗാന്ധി’ എന്ന ബിംബം പ്രതിനിധാനം ചെയ്യുന്ന ലളിതമായ ജീവിതവും, തൊഴിലിന്റെ മഹത്ത്വവും, സ്വാശ്രയരാക്കുന്ന വിദ്യാഭ്യാസവും മറ്റ് ആദര്‍ശങ്ങളും ജനജീവിതത്തിന്റെ ഭാഗമായില്ല. അതിനായി പരിശ്രമിക്കേണ്ടിയിരുന്നവര്‍ കാര്യമായി പരിശ്രമിച്ചുമില്ല. വെള്ളക്കാരില്‍ നിന്ന് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തവര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും ചെവികൊടുത്തില്ല. അഴിമതിയും ആഡംബര ജീവിതവും മുഖമുദ്രയാക്കിയവര് ഖദറിട്ട് മിനുങ്ങി ഗാന്ധിയന്‍ തത്ത്വങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജനജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി അഹിംസ, സത്യഗ്രഹം, ബ്രഹ്മചര്യം, ശുചിത്വം, സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം, പ്രാര്‍ത്ഥന, സ്വദേശി വസ്തുക്കളുടെ ഉപയോഗം, സ്വരാജ്, എന്നിവ ഗാന്ധിജിക്ക് വെറുമൊരു ആശയം മാത്രമായിരുന്നില്ല. അത് ഗാന്ധിജിക്ക് ആദ്ധ്യാത്മിക സാധനയും സമരായുധവുമായിരുന്നു. ഗാന്ധിജിയുടെ വിശ്വവിഖ്യാതമായ പ്രഭാഷണങ്ങളിലും, യങ് ഇന്ത്യയില്‍ എഴുതിയ ലേഖനങ്ങളിലും ഇക്കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചു. ഭാരതീയ ജ്ഞാന വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ ദര്‍ശനമായിരുന്നു അവ. വിജ്ഞാനം വിദേശത്ത് നിന്ന് മാത്രമേ വരു, വരാവൂ എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് അക്കാരണത്താല്‍ തന്നെ ഗാന്ധിജി അധികപ്പറ്റായിരുന്നു.
1916ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ പ്രഭാഷണത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്കാരത്തിന്റെ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. കാശി വിശ്വനാഥന് കുടികൊള്ളുന്ന പുണ്യനഗരത്തിലെ മാലിന്യത്തെ കുറിച്ച് സങ്കടം പറയുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു ”-ഒരു പക്ഷേ ബ്രിട്ടീഷുകാര്‍ ഇതുപോലുള്ള മാലിന്യം കണ്ട് നിവൃത്തിയില്ലാതെ ഇന്ത്യവിട്ടു പോയാല്‍ നമ്മുടെ ക്ഷേത്രവും പരിസരവും സ്വഛതയുടെയും പരിശുദ്ധിയുടെയും സങ്കേതങ്ങളായി എന്നെങ്കിലും മാറ്റാന്‍ നമുക്കാവുമോ” എന്ന്.
രാഷ്ട്രപിതാവിന്റെ ആത്മനൊമ്പരത്തിന്റെ തേങ്ങല്‍ കുറച്ചെങ്കിലും നിന്നത് 2014ഒക്ടോബര്‍ രണ്ടിനാണ് എന്ന് പറയാം. കാരണം ആ വര്‍ഷം ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച നിരവധി പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്വച്ഛഭാരത മിഷന്റെ പ്രഖ്യാപനം രാജ്ഘട്ടില്‍ വെച്ച് നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ഇതിന്റെ രണ്ടാംഘട്ടം 2019 ഗാന്ധിജയന്തിയിലാണ് തുടക്കമായത്. 4043 നഗരങ്ങളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും, ജീവനക്കാരും, പൊതുജനങ്ങളുമായി മൂന്ന് മില്യണ്‍ പേരാണ് പങ്കെടുത്തത്. 2014- 2019 കാലയളവില്‍ സ്വച്ഛതാഗൃഹ എന്ന പദ്ധതിയുടെ ഭാഗമായി 110 മില്യണ്‍ ടോയ്ലറ്റുകള് പാവപ്പെട്ടവര്‍ക്ക് ലഭിച്ചു. ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇതൊക്കെ. ഗാന്ധിജിയുടെ ദര്‍ശനം പ്രായോഗികമായി നടപ്പാകുകയായിരുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഗാന്ധിജിയുടെ ദര്ശനങ്ങള്സ്വച്ഛതയെന്നത് പുതിയ തലമുറയുടെ ജീവിതസംസ്കാരമായി മാറണമെങ്കില്‍ അത് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമായി മാറണം. അത്തരത്തിലുള്ള വിദ്യാഭ്യാസത്തിന്റെയും, തൊഴില്‍ സംസ്കാരത്തിന്റെയും രൂപരേഖ സ്വതന്ത്രഭാരതത്തില്‍ എങ്ങനെയായിരിക്കണം രൂപെപ്പടേണ്ടത് എന്നതിനെ സംബന്ധിച്ചുമുള്ള ഗാന്ധിജിയുടെ നിലപാടുകള്‍ കത്തുകളിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ യഥാര്‍ത്ഥത്തിലുള്ള സ്വരാജ് നേടാനാവൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസനയരേഖ അവതരിപ്പിക്കുകയും അതിനനുകൂലമായ നിരവധി ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 1921 മുതല്‍ പാറ്റ്ന, ഗുജറാത്ത്, കാശി, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. 1937- 40 കാലഘട്ടത്തില്‍ അന്നത്തെ പ്രവിശ്യകളിലെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി നിലകൊണ്ടു. 1945-ല്‍ സേവാഗ്രാമില്‍ കൂടിയ ദേശീയ വിദ്യാഭ്യാസ സമ്മേളനം ഗാന്ധിയുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് അംഗീകാരം നല്കി. എന്നാല്‍ സ്വതന്ത്രഭാരതത്തില്‍ പിന്നീട് നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ഗാന്ധിയന്‍ സങ്കല്പങ്ങള്ക്ക് വിപരീതമായിരുന്നു.
2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ബഹുഭാഷാ സമീപനം, ദേശീയവും ആത്മീയവുമായ മൂല്യങ്ങളുടെ പഠനം, മാതൃഭാഷയിലുള്ളപഠനം, എന്നിവ ഇതില്‍ ഉള്‍പ്പെടും. മാതൃഭാഷാമാധ്യമത്തിലൂടെ അല്ലാതെ വിദ്യാഭ്യാസം നേടുന്ന ഒരാള്‍ക്ക് ഒരിക്കലും ആ നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. ഇവിടുത്തെ ദരിദ്ര നാരായണന്മാര്ക്ക് വേണ്ടി സേവനം ചെയ്യാനുള്ള അവസരങ്ങളാണ് ഇതുകാരണം നഷ്ടമാകുന്നത്. ഇംഗ്ലീഷിനോടുള്ള കമ്പം കാരണം മാതൃഭാഷയോടും മറ്റ് സംസ്ഥാനഭാഷകളോടും ആദരവില്ലാതെയാകുന്നു. സ്വന്തം നാട്ടിലെ ഭാഷകളോടും സംസ്കാരത്തോടും ബഹുമാനമില്ലാതായാല്‍ എങ്ങനെ ദേശീയോദ്ഗ്രഥനം സാധ്യമാകും?
സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് യോജിച്ച തൊഴില്‍ സംസ്കാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാവണം വിദ്യാഭ്യാസം. 19 നും 24 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരില്‍ 5% മാത്രമാണ് ഇന്ന് ഭാരതത്തില്‍ തൊഴില്‍ പരിശീലനം നേടുന്നതെങ്കില്‍ 75% ആണ് ജര്‍മനിയുടെത്. 96% വരും ദക്ഷിണ കൊറിയയുടെത്. അഭ്യസ്തവിദ്യരായവരുടെ ഇടയിലെ രൂക്ഷമായ തൊഴിലില്ലായ്മ തന്നെയാണ് ഭാരതത്തിന്റെ കാതലായ പ്രശ്നങ്ങള്‍ക്ക് കാരണം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ സങ്കല്പത്തിന് വലിയ പ്രാധാന്യം പുതിയ വിദ്യാഭ്യാസ നയത്തില്‍ നല്‍കിയത്. 2030 ആകുന്നതോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 50% ആയി ഉയര്‍ത്താനാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്.
ഭാരതത്തിന്റെ ആധ്യാത്മിക സംസ്കൃതിയുടെ അടിസ്ഥാനത്തിലായിരിക്കണം വിദ്യാഭ്യാസമെന്നത് എന്ന കാര്യത്തില്‍ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കണം. എഴുതാനും വായിക്കാനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസം തുടങ്ങുന്നത് മൂലം കുട്ടികളുടെ മാനസിക വളര്‍ച്ച തടസ്സപ്പെടുന്നു. പ്രാഥമിക ജ്ഞാനം സിദ്ധിക്കുന്നതിന് മുമ്പ് തന്നെ അക്ഷരമാല പഠിപ്പിക്കുകയല്ല വേണ്ടത് ചുറ്റുപാടുകളെ കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും കാണാനും അനുഭവിക്കാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്.
അങ്കണവാടി ഉള്‍പ്പെടെയുള്ള മൂന്ന് വര്‍ഷത്തെ പ്രീസ്കൂളും ഒന്ന് രണ്ട് കഌസുകള്‍ ചേര്‍ന്ന ഫൗണ്ടേഷണല്‍ സ്റ്റേജ് എന്ന അഞ്ച് വര്‍ഷം നീണ്ടു നില്ക്കുന്ന കാലയളവ് ഇക്കാര്യങ്ങള്‍ക്ക് തന്നെയാണ് പ്രധാന്യം നല്‍കുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാനവിദ്യാഭ്യാസം ഗ്രാമങ്ങളെ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. ഗാന്ധിജി പറഞ്ഞിട്ടുള്ളത് പൂര്‍ണതയുടെ വികാസം ആവണം വിദ്യാഭ്യാസം എന്നാണ്. ഇത്തരം വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തുവരുന്നവര്‍ ലളിതമായ ജീവിതശൈലി അനുസരിക്കുന്നവരും, വിദ്യയെ സേവനമായി കാണുന്നവരുമായിരിക്കും. പവിത്രമായ ഗുരുശിഷ്യബന്ധത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളു. അദ്ധ്യാപകവിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കണമെന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പുതിയ വിദ്യാഭ്യാസ നയത്തിന്റെ സമീപനം കൂടിയാണ്.
സംസ്കാരത്തിന്റെ ഭാഷയായ സംസ്കൃതത്തിന്റെ ആവശ്യകത വളരെ വലുതാണ്. ഇന്ന് സംസ്കൃതപഠനം അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭാരതത്തെ അറിയണമെങ്കില്‍ സംസ്കൃത പഠനം ആവശ്യമാണ്. ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളും വിദ്യാഭ്യാസ രീതിയും അതിലേറെയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാഭ്യാസത്തില്‍ ഇടംകൊടുത്തിട്ടുണ്ട്. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളെ വിലമതിക്കുന്നവര്‍ ഗാന്ധിജിയോടുള്ള ആദരവിന്റെ ഭാഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസം എന്ന് വിലയിരുത്തുന്നു. ഗാന്ധിജിയെ വെറും കെട്ടുകാഴ്ചയായി കൊണ്ട് നടന്നിരുന്നവര്‍ക്ക് ഇത് തിരിച്ചറിയാനാവുന്നില്ല.
വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങള്‍ യാദൃച്ഛികമായി സംഭവിച്ചതല്ല. ശ്രീരാമകൃഷ്ണ പരമഹംസന്റെ അന്തരംഗ ശിഷ്യനായ സ്വാമി അഖണ്ഡാനന്ദജിയില് നിന്ന് ദീക്ഷ സ്വീകരിച്ച സംന്യാസിയുടെ ഇച്ഛയും സങ്കല്പവുമായിരുന്നു ഇതിലടങ്ങിയത്. ഭാരതത്തിന്റെ വിഭൂതിയായ മഹാത്മാഗാന്ധിയുടെ ജയന്തി വെറും ആഘോഷമായി മാത്രം കൊണ്ടാടാനുള്ളതല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്ദേശം അടുത്തറിഞ്ഞ് സമൂഹത്തിലെ ഏവര്‍ക്കും ഗുണകരമായവ പ്രയോഗത്തില്‍ കൊണ്ടുവരണമെന്ന് 1969ലെ ഗാന്ധി ജയന്തിക്ക് അദ്ദേഹം ഉപദേശിച്ചു. പ്രാതസ്മരണീയനായ ഗാന്ധിജിയുടെ നാമം നിത്യ സ്മരണയുടെ ഭാഗമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതിനു ശേഷം ഇന്നും പ്രതിദിനം ലക്ഷക്കണക്കിന് ജനങ്ങളാണ് ഗാന്ധിജിയെ ആദരപൂര്‍വ്വം തങ്ങളുടെ പ്രാതസ്മരണയില്‍ സ്മരിക്കുന്നത്. ഈ സംസ്കാരം ജീവിതത്തില്‍ ഗൗരവമായി സ്വീകരിച്ച ചുരുക്കം ചിലരാണ് സ്വച്ഛഭാരതപദ്ധതിയും, അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കുന്ന പരിപാടിയും ആവിഷ്കരിച്ചത്. ഈ സന്യാസി മറ്റാരുമല്ല രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ശ്രീ ഗുരുജി ഗോള്‍വല്‍ക്കറായിരുന്നു. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനത്തിന് നവഭാരതത്തില്‍ സ്ഥാനമുണ്ടാകുന്നത് സ്വാഭാവികമാണ്. രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളും ഭാരതീയ ദര്‍ശനത്തിന്റെ തിരിച്ച് വരവാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ഡോ. എം.വി. നടേശന്
സംസ്ഥാന അധ്യക്ഷന്‍,
അമൃതവിദ്യാപീഠം, കൊച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: