ന്യൂദല്‍ഹി: നിരോധനാഞ്ജ ലംഘിച്ച് ഹത്രാസിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍. ഹത്രാസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലും പ്രിയങ്കയും പോകുന്ന വഴിയാണ് പോലീസുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡ ഹൈവേയില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ അഭ്യര്‍ത്ഥന മറികടന്നു കൂട്ടമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചതോടെയാണ് ഇരുവരെയും കരുതല്‍ കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, ഉന്തിനും തള്ളിനുമിടെ രാഹുല്‍ ഗാന്ധി റോഡരുകിലെ ചെടികള്‍ക്കിടയിലേക്ക് വീണ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോര് ശക്തമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന് രാഹുല്‍ ഗാന്ധിയോട് ഇനി മുന്നോട്ടു പോകാരുതെന്ന് ആവശ്യപ്പെട്ട് തടയുന്ന് വീഡിയോയില്‍ വ്യക്തമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ പിന്നില്‍ നിന്ന് തള്ളുന്നതും കാണാം. എന്നാല്‍, ആരും കാര്യമായി ശക്തി പ്രയോഗിക്കാതിരുന്നിട്ടും രാഹുല്‍ ഗാന്ധി പൊടുന്നനേ റോഡരുകിലേക്ക് ഡൈവ് ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. പോലീസുകാര്‍ രാഹുലിന്റെ ഷര്‍ട്ടില്‍ പിടിച്ച് വീഴുന്നത് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ, സംഭവം രാഹുലിന്റെ അഭിനയമാണെന്നും ഓവര്‍ ആക്റ്റിങ് ആണെന്നും ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരേയും രംഗത്തു വന്നിട്ടുണ്ട്. പോലീസ് തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും ലാത്തിച്ചാര്‍ജ് നടത്തിയെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം, രാഹുലും പ്രിയങ്കയും മഹാമാരി നിയമം ലംഘിച്ചെന്ന് നോയിഡ എഡിസിപി റണ്‍വിജയ് സിംഗ് പറഞ്ഞു. രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനം ഡല്‍ഹി – യുപി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡല്‍ഹിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴാണ് ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞത്. ഇതോടെ ഇരുവരും കാല്‍നടയായി യാത്ര തുടരാന്‍ ശ്രമിച്ചതോടെ പോലീസ് ഇവരെ കരുതല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: