Categories: Kerala

ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം തടയില്ല, സര്‍ക്കാര്‍ സഹകരിക്കണം; ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് പിണറായി സര്‍ക്കാര്‍

ലൈഫ് മിഷന്‍ പദ്ധതിക്കെതിരെയുള്ള സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കി കേസ് അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

Published by

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണം തടസപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ലൈഫ് മിഷന്‍ കേസില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ കോടതിയെ അറിയിച്ചു. തുടക്കത്തില്‍ തന്നെ സിബിഐ അന്വേഷണം തടയാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും സിബിഐയെ തടയാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിക്കെതിരെയുള്ള സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കി കേസ് അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട ധാരണാ പത്രമാണ് തട്ടിപ്പിന് അടിസ്ഥാനമെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. ലൈഫില്‍ അന്വേഷണം വേണം. എങ്കില്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയൂവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സാധിക്കുന്നതെന്നും സിബിഐ ചോദിച്ചു.

പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്സിആര്‍ഐ ചട്ടം ബാധകമാകില്ലെന്നും യുണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സര്‍ക്കാരിന് ബന്ധമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ധാരണാ പത്രം ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മില്‍ അല്ലേ എന്നും ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടാക്കിന് ഈ പണം ലഭിക്കുമോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചതോടെ സിബിഐ അന്വേഷവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷന്‍ സിഇഒയ്‌ക്കു വേണ്ടി അഭിഭാഷകന്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക