തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ ഏറെയായാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ കേസുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ ആണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പരിശോധന നടത്തുന്നതിലും കേരളം ഏറെ പിന്നിലാണ്. ദല്‍ഹി, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൊറോണ ബാധിതര്‍ വര്‍ധിച്ചപ്പോള്‍ അവിടെ പരിശോധന ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും, പരിശോധനയുടെ എണ്ണം കൂട്ടിയിട്ടില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏഴ് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് 11 ആണെങ്കില്‍ കേരളത്തില്‍ ഇത് 28 ആണ്. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തില്‍ ഇത് 98 ആണ്. ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ അധികമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒരു മാസം കൊണ്ട് കൊറോണ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 130 ശതമാനമാണ് വര്‍ധനയുണ്ടായത്. ഓഗസ്റ്റ് 29ന് 21,532 രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ സെപ്തംബര്‍ 26 ആയപ്പോഴേക്കും ഇത് 49,551 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140 ശതമാനമാണ് വര്‍ധന വന്നത്. കണ്ണൂര്‍ ജില്ലയിലും കൊറോണ വ്യാപനം രൂക്ഷമാണ്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനമാണ്. നിരവധിയാളുകളില്‍ ഇതുവരെ ഇത് തിരിച്ചറിഞ്ഞിട്ടില്ല.
കേരളത്തില്‍ തിരിച്ചറിയുന്ന കൊറോണ ബാധിതരുടെ എണ്ണത്തിന്റ് 36 ഇരട്ടി വരെ തിരിച്ചറിയാത്ത കൊറോണ ബാധിതര്‍ ഉണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: