കോഴിക്കോട് : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ ഫൈസലിന്റെ വീട്ടില്‍ ഇന്ന് കസ്റ്റംസ് തെരച്ചില്‍ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് അപ്രതീക്ഷിതമായി തെരച്ചില്‍ നടന്നത്. കസ്റ്റംസുകാര്‍ എന്തൊക്കെ പിടിച്ചെടുത്തുവെന്ന വിവരങ്ങള്‍ ലഭ്യമല്ല. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും.
ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തിനിടെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ സഞ്ചാരം.
അതീവ രഹസ്യമായിട്ടാണ് കൊടുവള്ളിയിലുള്ള ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തിയത്. നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിച്ച് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലും കാരാട്ട് ഫൈസലുണ്ടായിരുന്നു. പട്ടികയില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. ഒന്നാംപ്രതി ഷഹബാസിന്റെ പങ്കാളിയായാണ് ഡിആര്‍ഐ ഫൈസലിനെ പ്രതി ചേര്‍ത്തത്.
കൊടുവള്ളി എംഎല്‍എ പി.ടി.എ. റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍ ഈ പാര്‍ട്ടി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിച്ചിട്ടുണ്ട്. പി.ടി.എ. റഹീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫൈസല്‍.
കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലിം യൂത്ത് ലീഗ് ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും കൊടുവള്ളിയില്‍ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: