ഇരുപത്തെട്ട് വര്‍ഷങ്ങളായി അകാരണമായി വേട്ടയാടപ്പെട്ടു കൊണ്ടിരുന്ന എല്‍.കെ അദ്വാനി, ഡോ. മുരളിമനോഹര്‍ ജോഷി, സാധ്വി ഉമശ്രീഭാരതി തുടങ്ങിയ സര്‍വാദരണീയ നേതാക്കളെ ലഖ്നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടിരിക്കുന്നു. കോടതിയില്‍ നിന്ന് മറ്റൊരു വിധിയും ഉണ്ടാകുമെന്ന് നീതിന്യായ വ്യവസ്ഥയെ കുറിച്ച് പ്രാഥമിക പരിചയമുള്ള ഒരാളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ സംഭവങ്ങളെ രാഷ്ട്രീയ ലാഭക്കണ്ണോടെ നോക്കുന്നവര്‍ക്കേ ഈ വിധി അപ്രതീക്ഷിതവും നിരാശാജനകവുമാവൂ. അത്തരക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്താനും അരാജകത്വം സൃഷ്ടിക്കാനും പരിശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്ര അന്വേഷണഎജന്‍സികളെ ആരാണു കൂട്ടിലടയ്ക്കാന്‍ നോക്കിയിട്ടുള്ളതെന്നു കൂടി വെളിവാകുകയാണ്.
ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വിപുലമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു രാമജന്മഭൂമിപ്രസ്ഥാനം. അത് സ്വാഭാവികമായ ഒരുയിര്‍ത്തെഴുനേല്‍പ്പുമായിരുന്നു. സത്യാനന്തരകാലത്തെക്കുറിച്ച് നമ്മുടെ നാട്ടിലെ മാറ്റൊലി ബുദ്ധിജീവികള്‍ കരഞ്ഞു തുടങ്ങുന്നതിനു മൂന്നു പതിറ്റാണ്ടുകള്‍ മുന്‍പ് വി.എസ് നയ്പോള്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. കപടബുദ്ധിജീവികളുടെ വ്യാകുലത എന്താണെന്നായിരുന്നു അദ്ദേഹം ഈ വാചകത്തിലൂടെ ചുരുക്കി പറഞ്ഞത്, ‘നാളിത് വരെ എല്ലാം തലകുനിച്ച് നിന്ന് സഹിച്ചിരുന്നവര്‍(ഹിന്ദുക്കള്‍) ഇന്ന് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.’ സത്യത്തില്‍ ഭാരത ചരിത്രത്തിലെ ഈ നിര്‍ണായക പരിണാമത്തെ ഉള്‍ക്കൊള്ളാന്‍ രാഷ്ട്രവിരുദ്ധന്മാര്‍ക്ക് സാധിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. പിന്നീട് 1993 ല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പദ്ഗാവ്കറോട് നയ്പോള്‍ രാമജന്മഭൂമി സംബന്ധമായി പറഞ്ഞ കാര്യം ഇപ്പോഴത്തെ വിധിയുടെ പശ്ചാലത്തില്‍ വളരെയേറെ പ്രസക്തമാണ്.
‘എനിക്ക് മനസിലാക്കാന്‍ കഴിയുന്നത് ഭാരതീയര്‍ അവരുടെ ചരിത്രത്തോട് ഇന്ന് വളരെ ഏറെ സാത്മ്യം പ്രാപിക്കുകയാണ്. അക്രമികള്‍ തുടര്‍ച്ചയായി കൈയേറ്റംനടത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണു. അവര്‍(അക്രമികള്‍) ഈ വസ്തുതകള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത ജനങ്ങളുടെ നാട്ടിലേക്കണെത്തിയത്. (പക്ഷെ) ഇപ്പോള്‍ മാത്രമാണു ജനങ്ങള്‍ വന്‍ തോതിലുള്ള ഭാരത വിനാശമാണു നടന്നതെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ആക്രമണത്തിന്റെ സ്വഭാവം കൊണ്ടും ഹിന്ദു സമൂഹം കൃത്യമായി അത് മനസിലക്കാതിരിക്കുക എന്ന പ്രകൃതം മാറിത്തുടങ്ങുന്നതു കൊണ്ടും ഇപ്പോള്‍ ഭാരതത്തില്‍ സംഭവിക്കുന്നത് ഉജ്വലമായ ഒരു ക്രിയാത്മകമായ പ്രക്രിയ ആണ്. അവിടെ ഒരു ക്ഷേത്രമില്ല എന്നുപറയുന്നവര്‍ സത്യത്തെ അവഗണിക്കുകയാണ്. താന്‍ കീഴടക്കിയ ദേശത്തോട് ബാബര്‍ക്ക് വെറുപ്പായിരിന്നു. അവിടെ അയാള്‍ മസ്ജിദ് നിര്‍മ്മാണം നടത്തിയത് ആ ദേശത്തോടുള്ള വെറുപ്പ്കൊണ്ടാണ്..’
അവരെ പ്രേരിപ്പിച്ചത് രാഷ്ട്രത്തനിമ
ഭാരതത്തില്‍ എണ്‍പതുകളുടെ അവസാനം മുതല്‍ ആരംഭിച്ച മഹത്തായ മുന്നേറ്റം ഐതിഹാസികമായ ആ സര്‍ഗപ്രക്രിയയുടെ പ്രേരണയിലാണ്. അത് ഏതെങ്കിലും സംഘടനയുടെയോ ഒരുപിടി നേതാക്കളുടെയോ മാത്രം പ്രവര്‍ത്തന ഫലമായിരുന്നു എന്ന നിഗമനത്തിലേക്കെത്തുന്നത് മൗഢ്യമാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഹൈന്ദവസമൂഹത്തിന്റെ ഉഗ്രമായ രോഷത്തിലാണ് തര്‍ക്കക്കെട്ടിടം തകര്‍ന്നു വീണത്. അന്ന് അയോധ്യയിലേക്ക് മുന്നേറിയത് രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി ഒരുമിച്ച ഭാരതജനതയാണ്. അവരെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രത്തനിമയാണ്.
അതെ, സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണയായിരുന്ന സ്വത്വബോധം തന്നെ ആയിരുന്നു രാമജന്മഭൂമി പ്രസ്ഥാനത്തിന്റേയും ശക്തി സ്രോതസ്. 1867 ല്‍ ഹിന്ദുമേള തുടങ്ങി സ്വദേശി മുന്നേറ്റത്തിനു തുടക്കം കുറിക്കാന്‍ ബഹുമാന്യനായ രാജ് നാരായണ്‍ ബോസിനെ പ്രേരിപ്പിച്ച ശക്തി, വന്ദേമാതര മന്ത്രം രചിക്കാന്‍ ബങ്കിംചന്ദ്രനെ ഉണര്‍ത്തിയ ഭാരതബോധം, രാം സിംഗ് കൂക്കയ്ക്കും, വാസുദേവ് ബല്‍വന്ത് ഫഡ്ക്കെയ്ക്കും, ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭത്തിനും ഒക്കെ പ്രചോദനമേകിയ അതേ ശക്തിയാണു അയോധ്യപ്രസ്ഥാനത്തിലും ജ്വലിച്ചുയര്‍ന്നത്. അതാരും ഗൂഢാലോചന നടത്തിയിട്ടല്ല. ആരുടെയെങ്കിലും പ്രസംഗത്തില്‍ ആവേശഭരിതരായതു കൊണ്ടുമല്ല സംഭവിച്ചത്.
സ്വത്വബോധത്തിന്റെ പ്രേരണ ഭാരതീയരെ ഒന്നാക്കുകയും എല്ലാ മണ്ഡലങ്ങളിലും അത് ആവിഷ്കൃതമാവാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം പ്രീണന രാഷ്ട്രീയക്കാര്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ സ്വത്വത്തിന്റെ ദീപജ്വാലയെ മനപ്പൂര്‍വം ഊതിക്കെടുത്തുന്നതാണ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാം കണ്ടത്. ഗാന്ധിജിയുമായി ഈ വിഷയത്തില്‍ നെഹ്റുവിനുണ്ടായിരുന്ന വിയോജിപ്പ് പ്രസിദ്ധമാണല്ലൊ? സോമനാഥ ക്ഷേത്ര പുനര്‍നിര്‍മാണം പോലെ നടക്കേണ്ടിയിരുന്ന രാമക്ഷേത്ര നിര്‍മ്മാണത്തെ വിവാദമായി മാറ്റിയത് ‘സ്വത്വ’ത്തെ അവഗണിച്ചത് കൊണ്ടാണ്. ഈ സ്വത്വ നിരാസം എല്ലാ മേഖലയിലുമുള്ള പുരോഗതിയേയും ബാധിച്ചുവെന്ന് ഇന്നത്തെ ഭാരതം തിരിച്ചറിയുന്നുണ്ട്. ഈ സത്യത്തെ അംഗീകരിക്കാത്തവരാണ് നീതിന്യായക്കോടതിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത്.
കോടതി വിധി പറയുന്നത്
സിബിഐയുടെ പ്രത്യേക കോടതി വളരെ വ്യക്തമായി ഈ വിധിയിലൂടെ വെളിപ്പെടുത്തുന്ന ചില വസ്തുതകളുണ്ട്. ആരോപിക്കപ്പെടുന്ന കാര്യങ്ങളെ അസന്നിഗ്ധമായി തെളിയിക്കാന്‍ ആവശ്യമായതെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. ഗൂഢാലോചനക്കുറ്റമാണ് മുഖ്യ വകുപ്പ്. അങ്ങനെ ഒന്നു സംഭവിച്ചിട്ടില്ലെങ്കില്‍ പിന്നെ അന്വേഷണ സംഘം എന്തു ചെയ്യും. കൃത്രിമമായി സൃഷ്ടിക്കാന്‍ നോക്കും. പക്ഷെ കൃത്യമായ എതിര് വാദങ്ങള്‍ക്ക് മുന്പില് അത്തരം തട്ടിക്കൂട്ട് തെളിവുകള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയില്ല. പ്രോസിക്യൂഷന് ഹാജരാക്കിയ ദൃശ്യ ശ്രാവ്യരേഖകള്‍ക്കു പറ്റിയത് അതാണ്. അവയൊക്കെയും കെട്ടിച്ചമച്ചതാണെന്ന് ബഹുമാനപ്പെട്ട കോടതി വിധി കല്പ്പിക്കാന് അതാണു കാരണം. അങ്ങനെ പ്രകോപനകരമായ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം അടസ്ഥാന രഹിതമായി. അത് മാത്രമല്ല പ്രധാനപ്പെട്ട കുറ്റാരോപിതരൊക്കെയും കര്‍സേവകരെ നിയന്ത്രിക്കാനും പിന്തിരിപ്പിക്കാനുമാണു ശ്രമിച്ചുകൊണ്ടിരുന്നതെന്നും കോടതി 2000ത്തില്‍ പരം പേജുകള്‍ വരുന്ന വിധിയില്‍ പറയുന്നു.
അതു മാത്രമല്ല പ്രതീകാത്മക കര്‍സേവ ചെയ്യുന്നതില്‍ നിന്ന് പോലും ഭക്തരായ കര്‍സേവകരെ വിലക്കുകയും അവരെ അകാരണമായി ആക്രമിക്കുകയും ചെയ്തു എന്നും വാദത്തില്‍ പറയുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ കാലങ്ങളായി ചവുട്ടിത്തേയ്ക്കപ്പെടുന്നതായുള്ള തങ്ങളുടെ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി അവര്‍ക്ക് തോന്നി. സരളമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു വിഷയം ഇത്രമേല്‍ ഗുരുതരമാക്കിയ എല്ലാ കേന്ദ്രങ്ങളോടും അവര്‍ പ്രതികരിക്കുകയായിരുന്നു അവിടെ. ഇതൊക്കെയും നടന്നത് ഇരുളിന്റെ മറവിലല്ല. സര്‍വംസാക്ഷിയായ സൂര്യനു താഴെ, മിഴിതുറക്കുന്ന ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍. അതിലെന്ത് നിഗൂഢത.. ആരുടെ പ്രകോപനം?
വളരെ പ്രധാനപ്പെട്ട മറ്റു ചില വസ്തുതകളിലേക്ക് കൂടി ഈ സുപ്രധാന വിധി വെളിച്ചം വീശുന്നു. അതിലൊന്നാമത്തേത് രാഷ്ട്രീയ ദുരുദ്ദേശ്യം വച്ചു കൊണ്ട് അധികാര ദുര്‍വ്വിനിയോഗം ചിലര്‍ നടത്തി എന്നതാണ്. അത് മറ്റാരുമല്ല, ദേശീയ ശക്തികളെ ഏതു വിധേനയും ഇല്ലാതാക്കണമെന്ന ദുഷ്ടലാക്കോടെ പില്ക്കാലത്ത് ഹിന്ദു ഭീകരതാവാദമെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ചവര്‍ തന്നെയാണു അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: