കൊട്ടാരക്കര: 109 കടന്ന് മുന്നേറുകയാണ് ശാമുവേല്‍ അപ്പൂപ്പന്റെ ചിരിയുടെ ഇന്നിങ്സ്…. ഈ ചിരി തന്നെയാണ് പ്രായത്തില്‍ സെഞ്ച്വറിയും കടന്ന് മുന്നേറുന്ന അപ്പൂപ്പന്റെ ആരോഗ്യ രഹസ്യം. തൃക്കണ്ണമംഗല്‍ അയണിമൂട്ടില്‍ പടിഞ്ഞാറ്റിങ്കര വീട്ടിലെത്തിയാല്‍ സന്തോഷം പകരുന്ന ചിരിയുമായി ശാമുവേല്‍(109) അപ്പൂപ്പനെ കാണാനാകും.
വിരുന്നുകാര് ആരെങ്കിലും വീട്ടിലെത്തിയാല്‍ മോണ കാട്ടിയുള്ള ചിരിക്കും കുശലം പറച്ചിലിനുമൊന്നും ഒരു പിശുക്കും ശാമുവേല്‍ അപ്പൂപ്പന് കാണിക്കില്ല. കോവിഡ് കാലത്ത് പരിചയക്കാര് അധികം എത്താത്തതിലുള്ള പരിഭവവും ഈ മുഖത്തുണ്ട്.
ഭാര്യ ഏലിയാമ്മ മരിച്ചിട്ട് വര്‍ഷം പതിനേഴ് കഴിഞ്ഞു. മക്കള്‍ പതിനൊന്നു പേരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മകന് സാംകുട്ടിക്ക് ഒപ്പമാണ് താമസം. കല്ല് വെട്ടിയെടുക്കുന്ന ജോലിയായിരുന്നു ശമുവേലിന്റേത്. എണ്‍പത്തിയഞ്ച് വയസുവരെ ജോലിക്ക് പോയിരുന്നതായി മകന് പറഞ്ഞു. പണ്ടെപ്പൊഴോ നായ കടിച്ചപ്പോള്‍ കുത്തിവെപ്പ് എടുക്കാന്‍ പോയതല്ലാതെ പിന്നീട് ആശുപത്രിയിലും പോകേണ്ടി വന്നിട്ടില്ല.
നിറഞ്ഞ പുഞ്ചിരിയുമായി നാട്ടിലെ താരമാവുകയാണ് ഈ മുത്തശ്ശന്. തൃക്കണ്ണമംഗല്‍ ജനകീയ വേദിയുടെ നേത്യത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശാമുവേലിന് നാടിന്റെ ആദരവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: