കണ്ണൂര്‍: പതിനായിരങ്ങള്‍ പിഴ ഈടാക്കി വാഹന ഉടമകളെ പിഴിയുകയാണെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്കി. വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ശബ്ദസന്ദേശത്തിലൂടെണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
ഖജനാവ് നിറയ്ക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കമ്മീഷന് നല്‍കുന്നുണ്ടെന്നും പിഴത്തുകയുടെ 30 ശതമാനം ഉദ്യോഗസഥര്‍ക്കും 70 ശതമാനം സര്ക്കാരിനുമാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നും സാധാരണ നിലയിലുള്ള വാഹന പരിശോധനയും പിഴയും മാത്രമാണ് ഈടാക്കുന്നതെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.
ശബ്ദസന്ദേശത്തില്‍ പറയുന്നതു പോലെ ഗിയര്‍ നോബ് മാറ്റിയിടുന്നതിനും വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചതിനും സാധാരണ അലോയ് വീലുകള്‍ സ്ഥാപിച്ചതിനും വാഹനത്തിന്റെ മുകള്‍ ഭാഗത്ത് കറുത്ത പെയിന്റടിച്ചതിനും ആന്റിന ഘടിപ്പിച്ചതിനൊന്നും മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നില്ല. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്കും ജീവനും ഭീഷണിയാകുന്ന തരത്തില്‍ പൂര്‍ണമായ രീതിയില്‍ രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും അമിത ശബ്ദമുണ്ടാക്കുന്ന രീതിയില്‍ ഘടിപ്പിച്ച സൈലന്‍സറുകളുള്ള ഇരുചക്ര വാഹനങ്ങള്‍, അതി ശക്തിയേറിയ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയ്ക്കെതിരേ മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ ഈടാക്കുന്നുണ്ട്.
ഏതാനും മാസം മുമ്പ് പൂര്‍ണമായ നിലയില്‍ രൂപമാറ്റം വരുത്തിയ ഒരു വാഹന ഉടമയില്‍ നിന്ന് 40,000 രൂപ പിഴ ഈടാക്കിയിരുന്നു. ഇപ്പോള്‍ എഴുതി നല്കുന്നതിനു പകരം ഇപോസ് മെഷീനിലൂടെയാണ് രസീത് നല്‍കുന്നത്. ഭീമമമായ പിഴ ഈടാക്കാനുള്ള ഹൈടെക് സംവിധാനമാണിതെന്ന രീതിയില്‍ തെറ്റായി ഇതിനെ പ്രചരിപ്പിക്കുകയാണെന്നും രാജീവ് പുത്തലത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: